(ഷൈലാ ബാബു)
പൊക്കിൾക്കൊടിയിലൂ-
ടമ്മയൊഴുക്കിയ,
പോഷക ശോണത്തിൽ
നീ വളർന്നെന്നതും;
ദുഃഖത്തിൻ മുള്ളുക-
ളേറെ സഹിച്ചവൾ,
ദോഹദകാല*ത്തിൽ
പരവശയായതും!

ഓമന മണിമുത്തായ്,
പാലിച്ചു, ധ്യാനിച്ചൊ-
രോമൽ പ്രതീക്ഷയി-
ലാശ്വസിച്ചാർന്നതും!
ഈറ്റുനോവിന്റെ
സുഖമുള്ളൊരാലസ്യ-
നിർവൃതി ദീപ്തിയി-
ലാണ്ടൊരു രജനിയിൽ!

അരുമക്കിടാവിനെ
നെഞ്ചോടു ചേർക്കവേ,
അഭിമാന ഹർഷത്തി-
ലമ്മയെന്നറിഞ്ഞവൾ!
മാതൃത്വ വരമെന്ന,
സാഫല്യക്കുളിർമയാ-
ലമ്പിളിച്ചൊടികളിൽ
ദുഗ്ദ്ധം നിറച്ചതും!

രാമച്ചത്തണ്ണീരിലെന്നും
കുളിപ്പി,ച്ചതിവാത്സല്യ-
ധാരയാൽ, മാറിലെ
ചൂടേറ്റുറങ്ങി നീ!
ഒരു മഹൽ ധ്യാനമാ-
യാറ്റു നോറ്റിരുന്നമ്മ;
ജാഗ്രതാച്ചിറകിനാൽ
വ്യഗ്രത പൂണ്ടതും!

ഓമനക്കുഞ്ഞിൻ
മുഖമൊന്നു വാടുകി-
ലുൽക്കണ്ഠചിത്തയാ-
യുറങ്ങാതെ കാത്തതും!
സർവം മറന്നു നീയിത്ര-
മേൽ ദോഷിയായ്
അംബികാദേവിയെ
ഞെരുക്കിയോ കഷ്ടമേ!

കൈവല്യ ദാനമായ്
നിനച്ചിടാ, ജനനിയെ
താഡിച്ചു, നോവിച്ചു
കറുത്ത കരങ്ങളാൽ!
കരിനാഗ വിഷമയ
നാവിനാലമ്മയെ,
ശാപവർഷത്താൽ
കരയിച്ചതെത്രമേൽ!

രൗദ്രഭാവങ്ങളിൽ
കലിതുള്ളിയാടിയും
നിത്യവാസത്തിനായ്
നരകം പണിഞ്ഞു നീ!
അമ്മിഞ്ഞപ്പാലമൃ-
തൂറ്റിക്കുടിച്ചിട്ടി-
ന്നമ്മയെത്തല്ലിയ,
പൂതനയായി നീ!

പ്രതികാരച്ചട്ടിയിൽ
വേവിച്ചൊരിക്കലീ,
പഞ്ചഭൂതങ്ങളി-
ലടിയാതിരിക്കുമോ..?
ശോണിമ കംബളം
നീളേ വിരിച്ചതിൽ
ദുരമൂത്ത ഹൃത്തടം
ചിതറാതിരിക്കുമോ?

*ഗർഭകാലം

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ