
(ഷബ്‌നഅബൂബക്കർ )
അമ്മയാം ഭാരതം കേഴുന്നുവോ ശിരസ്സ്,
അപമാന ഭാരത്താൽ താഴുന്നുവോ.
അഭിമാനമോടെ നാം ചൊല്ലിയ ശപഥത്തിൻ
അർത്ഥങ്ങളെല്ലാം മാറുന്നുവോ.
ഏറെ മികച്ചുള്ള ഭരണ വ്യവസ്ഥിതി
പ്രഹസനം മാത്രമായ് തീരുന്നുവോ
നാനാത്വമെങ്കിലും ഏകത്വമെന്നത്
പാഴ്‌വാക്ക് മാത്രമായ് മാറ്റുന്നുവോ
മദമിളകി വളരുന്ന മതഭ്രാന്തരാൽ
ഇന്നു മരിച്ചിടുന്നു മതേതരത്വം.
നാടിൻ സംസ്കാരം പാടെ നശിപ്പിച്ചു
പാശ്ചാത്യരോട് നാം ചേർന്നിടുന്നു.
അധികാര വർഗ്ഗങ്ങൾ നോട്ടിന്റെ കെട്ടിനായ്
അന്യായമേറേ ചെയ്തിടുമ്പോൾ
ഇരകളെ പ്രതിയാക്കും ഇരുളാർന്ന നിയമത്തിൽ
ഭാരത മക്കളുമുഴറുന്നുവോ
മുറിവേറ്റ ഇരയുടെ വേദന അറിയുവാൻ
ആയുധം തന്നെ മൊഴി നൽകണം
ഇല്ലെയെന്നാകിലോ തെളിവുകളില്ലെന്ന
വെറുമൊരു വാക്കിൽ തീർത്തിടുന്നു.
കണ്ണുകൾ കെട്ടിയ നീതിപീഠത്തിന്നു
ഹൃദയമില്ലാത്തവർ ന്യായാധിപർ
നീതിയില്ലാത്തയീ നിയമവിധികളിൽ
നാണിച്ചു പോകുന്നു കണ്ണുനീരും.
കീർത്തി നിറഞ്ഞുള്ള നാടിന്റെ പൈതൃകം
ഏറെ വികൃതമായ് തീർന്നിടുമ്പോൾ
സ്വാതന്ത്ര നായകർ കണ്ടുള്ള സ്വപ്‌നങ്ങൾ
അകലങ്ങളിൽ മാത്രമാവുന്നുവോ
നല്ലൊരു നാടിന്റെ നന്മകൾ മായാതെ,
നട്ടെല്ലു പൊട്ടാതെ കാത്തിടുവാൻ
ഇനിയൊരു റോയിയും അഹമ്മദ് ഖാനും
ഗാന്ധിയും ടാഗോറും പിറന്നിടട്ടെ.

