(Rajendran Thriveni
മുറ്റത്തെ മാവിന്റെ കൊമ്പത്തിരുന്നൊരു
അണ്ണാറക്കണ്ണൻ ചിലച്ചു,
"പഴമെവിടെ, കായെവിടെ,
പൂവെവിടെ, മൊട്ടെവിടെ,
എരിവയറിനുള്ളിലെ
ജഢരാഗ്നി മാറ്റുവാൻ?
പലകാലമായി ഞാൻ
വന്നുപോകുന്നുയീ
തൊടിയിലെ മാമര-
ക്കൊമ്പിലോരോന്നിലും!
അഞ്ചാറു മാസത്തിനുള്ളിലീ-
ത്തൊടിയിലെ മരമെല്ലാമാരു തകർത്തു,
കോൺക്രീറ്റു വീടുകൾ വെച്ചു,
പ്ലാസ്റ്റിക്കു പൂക്കൾ നിറച്ചൂ?
പുഴ വറ്റി, കിണർ വറ്റി,
ഒരു തുള്ളി വെള്ളത്തിൻ
കുളിർ തേടിയലയുന്നു
തുണയറ്റ ജീവികൾ!
വീടിന്റെയുള്ളിലെ
പ്ലാസ്റ്റിക്കു ചില്ലയിൽ
കുടികെട്ടി വാഴേണ്ട
ദുര്യോഗമെത്തിയോ?
തിന്നു മദിക്കുന്ന മർത്യന്റെ ഉച്ഛിഷ്ടം
മാത്രമോ ഞങ്ങൾക്കു തിന്നാൻ?
മഴുവോങ്ങി നേടിയ കേരള മണ്ണിനെ
മഴുവോങ്ങിത്തന്നെ തകർക്കുമോ?
പൈങ്കിളിപ്പാട്ടിന്റെ പുളകത്തിലാറാടി
ആനന്ദ നർത്തനം ചെയ്തോരു കൈരളി,
മൃതിതാള ദുന്ദുഭിത്താളത്തിൽ, ഇട -
നെഞ്ചുപൊട്ടിത്തകർന്നു കരയണോ?