മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
after the festival

Sohan

നീണ്ടു നിന്ന
ഉത്സവാഘോഷ രാവിന്‍
ആലസ്യത്തില്‍ മയങ്ങുന്ന
വിജനമായ അമ്പലമൈതാനം.


നനുത്ത പുലരിവെയിലിനൊപ്പം
പടരുന്ന നിശ്ശബ്ദത
പൊട്ടിയ ബലൂണുകള്‍
പൊട്ടാത്ത പടക്കങ്ങള്‍
അന്തരീക്ഷത്തില്‍
അലിഞ്ഞു തീര്‍ന്ന
നാമജപത്തിന്നാരവം
അരയാല്‍ത്തറയ്ക്കു സമീപം
ആരോ ഉപേക്ഷിച്ച
നിറം മങ്ങിയ കസേര
ആളൊഴിഞ്ഞ അരങ്ങില്‍
ഇനിയും നിലയ്ക്കാത്ത
ന്യത്തസംഗിതതാളധ്വനികളുടെ
അദ്യശ്യമായ അനുരണനങ്ങള്‍
മനസ്സിന്‍ വെള്ളിത്തിരയില്‍
നിഴല്‍ചിത്രങ്ങളായി 
മാഞ്ഞു പോകുന്ന കാണികള്‍
പൊടുന്നനെ പൊടി പറപ്പിച്ച്
എവിടെ നിന്നോ
വീശുന്ന ഒരിളംകാറ്റ്
അരങ്ങിലേയ്ക്കൊന്നു 
തിരിഞ്ഞു നോക്കി
ആലിലകളില്‍ അമ്മാനമാടി
പ്രദക്ഷിണ വഴി ചുറ്റി
ദീപസ്തംഭത്തിനു മുന്നിലെത്തി
കൈ കുപ്പുന്നു.
അടഞ്ഞ,ശ്രീകോവിലിന്‍
ഏകാന്തതയില്‍
വീണ്ടും ധ്യാനത്തിലമരുന്ന
ദേവിയുടെ തേജോരൂപം
വിളറിയ നീലാകാശത്തിലൂടെ
അലസഗമനം തുടരുന്ന
കതിരവന്‍
വര്‍ണ്ണഭംഗിയുടെ
പകലിരവുകള്‍ക്ക്
ലാസ്യനടനത്തിന്‍
പാദചലനങ്ങള്‍ക്ക്
സാന്ദ്രസംഗീതത്തിന്‍
മാന്ത്രികധ്വനികള്‍ക്ക്
മേളചാരുതയുടെ
ലയതരംഗങ്ങള്‍ക്കായി
ഊഴം തേടുന്ന കാലം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ