തെളിനീരുറവ കലങ്ങിയൊഴുകി,
ദുർനിമിത്തത്തിൻ ലക്ഷണംപോൽ.
കെട്ടഗന്ധമതിൻ ചന്തം കെടുത്തി
നിർദയമായ് പാഞ്ഞൊഴുകി!
കൂട്ടിൽക്കുടുങ്ങിയ കിങ്ങിണിത്തത്ത,
കെട്ടകാലത്തിൻ സൂചനയോതി.
കൊമ്പന്മാർ തന്നുടെ ധൈര്യം മറന്നു,
പ്രാണഭയത്താൽ മറുകരതേടി.
അന്നേരമൊരു നാദം മലമുഴക്കി,
പിറകേ,യതി,ന്നുദരം പിളർന്നു!
ഉർവിയിൽ പുതുതാം പുഴയും പിറന്നു,
ശിലയോ ജലത്തിൻ സ്ഥാനം കവർന്നു!
ഉശിരോടതൊഴുകി കരുണ മറന്ന്,
കണ്ടതെല്ലാം തട്ടിത്തകർത്തു.
കൂടും കുടുക്കയും വിദ്യാലയവും
ആ പ്രവാഹത്തിൻ കയ്പറിഞ്ഞു.
മണ്ണിന്നുടയോർ മണ്ണിലുറങ്ങി,
പ്രിയമായതെല്ലാം കൈവെടിഞ്ഞ്.
കഠിനപ്പരീക്ഷതൻ നീരറിഞ്ഞോർ,
ഗതകാലസ്മൃതിയിൽ ശാന്തിതേടുന്നു.