വിരുന്നുശാലയിൽ ഭവാൻ ചിരിയുതിർത്ത്
വരവേറ്റവരോടായി കുശലം ചൊല്ലി.
പകൽ നീന്തി വരുംപോലെ അവർ മനസ്സിൽ
പ്രസന്നതയൊഴുകിയും കിതച്ചുമെത്തി.
തെളിനീരിലിളം വെയിലേറ്റമാതിരി
ചിരിക്കുന്നോരവരുടെ പുറകിലായി
ചതിക്കപ്പെട്ടൊരു പെണ്ണ് വിതുമ്പുന്നുണ്ട്,
ചിതയില്ലാതവിടെ നിന്നുരുകുന്നുണ്ട്.
കണ്ണിനുള്ളിൽ ഘനശ്യാമം ചുരത്താൻ വെമ്പി;
കണ്ണിമയോ കുട ചൂടി നിന്നുവെങ്കിലും
ഊർന്നുവീഴും മഴത്തേനുപോലരുമയായ്
നേത്രവാരി കൺകുടയിലൂടൂർന്നു വന്നു.
പട്ടണത്തിൽ കുപ്രസിദ്ധിയാർന്ന പാപിനി,
പട്ടു ചുറ്റി സഞ്ചരിച്ചിരുന്ന ഭാമിനി,
പുണ്യപാദം കന്മദം പോലുള്ള കണ്ണീരാൽ
കഴുകുന്നു; കന്മഷത്താൽ വെന്തുനീറുന്നു.
ഇളംകാറ്റിൻ തണുപ്പിലാ കണ്ണുനീർ ചൂട്
ഇയമ്പുന്നു നൊമ്പരത്തിൻ കഠിനഭാരം.
ഇളകുന്നു നെഞ്ചുമേളപ്പെരുപ്പത്തോടെ,
ഇടറുന്നു കണ്ഠവും വാക്കിരിപ്പിടവും.
കരഞ്ഞുകൊണ്ടവൾ പാവം! പുലമ്പുന്നുണ്ട്.
അറിയാതെ വാക്കുകളോ വഴുക്കുന്നുണ്ട്,
കാൽചിലമ്പ് ചാർത്തി പിന്നെ കളിക്കുന്നുണ്ട്.
ദേവനതു കേട്ട,ലിഞ്ഞ് മൊഴിഞ്ഞിട്ടുണ്ടാം:
'ഒരു നൂലിൽ കൊരുത്തിട്ട കടന്നൽ കൂടും
മിന്നിമായും വീണ്ടുമെത്തും വെള്ളിടിദണ്ഡും
ഇഴഞ്ഞുപോകുമ്പോളെങ്ങോ അലിയും ഒച്ചും
പകരുന്നുണ്ടാക്ക,മാശ, നശ്വരതയും.'
കണ്ണുനീരിൽ കുതിർന്ന കാൽത്തളിർപ്പൂവിനെ
കൂന്തലാട കൊണ്ടുമെല്ലെ തുടയ്ക്കുന്നവൾ.
നൂറു നൂറു ചുംബനങ്ങൾ പാദപത്മത്തിൽ
മോക്ഷദ്രവ്യകാഴ്ചയായി നിവേദിച്ചവൾ.
അന്ത്യയാത്ര മുൻപടർന്നയിളം കണ്ണീരിൽ
തങ്ങി നിന്ന ദുഃഖമിഷ്ടൻ തുടച്ചതുപോൽ
അവളുടെ കദനവും കനക്കേടതും
അൻപുടയോൻ അംഗുലിയാൽ തുടച്ചുനീക്കി.
രാവുരുകി പകലായ പോലവൾ മുഖം
അണിഞ്ഞല്പരത്നശോഭ, ശേഷമവളോ!
തുറന്നു വെൺകൽഭരണി അടക്കത്തോടെ,
പരന്നു നർദ്ദീൻസുഗന്ധം തിടുക്കത്തോടെ,
അന്ത്യമേനിമേലൊഴിക്കും ആദരവോടെ,
പുണ്യതൈലം പാദയുഗ്മേയൊഴിച്ചംഗന.
അതിഥികൾ, ആതിഥേയൻ പിറുപിറുത്തു:
"പ്രവാചകൻ? വിലയൂറും സുഗന്ധതൈലം
പൂശുമിവൾ പാപിനിയെന്നറിയാത്തോനോ?
ഏതുതരക്കാരിയെന്ന് നിനയ്ക്കാത്തോനോ?"
സർവ്വജ്ഞാനിയവരുടെ മനോവ്യാപാരം
ഗ്രഹിച്ചുടൻ, മൊഴിഞ്ഞൊരു കഥനപാഠം:
ഉത്തമർണ്ണൻ ഇരുവർക്കു കടം കൊടുത്തു;
ഒരുവനോ അമ്പത്, മറ്റവനഞ്ഞൂറ്.
കടംവീട്ടാൻ ഇരുവർക്കും പാങ്ങില്ലാത്തതാൽ
ഉത്തമർണ്ണൻ മഹാധനം ഇളച്ചുനല്കി.
ഒരു ചോദ്യമീശനന്തം കൊരുത്തുവച്ചു:
ഇരുവരിലാരധികം സ്നേഹിച്ചവനെ?
'കൂടുതലായിളച്ചു കിട്ടിയോനുത്തരം'
ഫരിസേയൻ മറുപടി ചൊല്ലി നിസ്തർക്കം.
"അധികമായവൾ പ്രേമം വിളമ്പിത്തന്നു,
അതിനാലേ ക്ഷമിക്കുന്നേൻ നിരവധിയാം
മലിനത, പോവുക നീ സമാധാനത്താൽ."
മലർമഴപോൽ പതിച്ചു ഈശഭാഷിതം.