
ഹേതുവാര് ,
കാലമേ, നിൻ ച്യുതിക്ക് ഹേതുവാര്?
നില മറക്കുന്നു വർഷവും വേനലും
മതിമറന്നാടുന്നു രൗദ്രമോടെ.
വഴിതടഞ്ഞോരുടെ മുന്നിലിന്നു,
സധൈര്യം പായുന്നു പുഴകൾ.
കാടിന്റെ ഭാരം കുറച്ചുകൊണ്ട്,
കൈവെള്ളയിൽ കാശു നിറയ്ക്കുന്നു.
കുന്നിൻ ഹൃദയം തുരന്നെടുത്ത്,
വിൽപ്പനച്ചന്തയിൽ കേമനാവുന്നു.
രൂപമില്ലാത്ത ശിലയെ ഹനിക്കുന്നു,
ഭസ്മവും വിപണിയിൽ വില നേടുന്നു.
പാദമിടറിവീഴും തരുക്കളിൽ,
പാപമില്ലെന്നറിയുക മർത്ത്യാ.
താവളമൊരുക്കിയും തണലേകിയും
കാലം കഴിച്ചവയാണവയൊക്കെയും.
നനവാൽക്കുതിർന്നൊഴുകിയ മണ്ണിനു,
ചൊല്ലുവാൻ കഥകളുണ്ടാകുമെന്നും.
ഭ്രമമോടെപ്പായും പുഴത,ന്നുള്ളിൻ,
നോവുക,ളിന്നാരറിവൂ...
മാറുന്നു സർവതു,മിച്ഛയോടല്ലാതെ,
അജ്ഞാതമാ,മേതോ കരങ്ങളാലെ.
പാടുന്നു മാനസം ദുഃഖപൂർവം,
കാലമേ, നിൻ സദ്ഗതിക്കായ്.

