ഇത്രമേൽ തേടിയിട്ടും
കണ്ടില്ലയെൻ മനസ്സുറങ്ങുമിടം.
മൺകൂനയ്ക്കുള്ളിലില്ല,
ഒഴുകുമീ,യാറിന്നുദരത്തിലില്ല.
പേരറിയാത്തൊരിടം,
ഏവരുമൊരുദിനം വരുമിവിടെ.
കലുഷിതമല്ലാതെയുറങ്ങാം,
സ്മൃതികളിൽനിന്നെനിക്കിന്നൊളിക്കാം.
മോഹഭംഗങ്ങൾ തീർക്കും
വിരസതയ്ക്കിവിടെയിടമില്ല.
പ്രണയദാഹമില്ല,
വിരഹത്തിൻ കദനങ്ങളിവിടെയില്ല.
നഷ്ടബോധത്തിൻ തേങ്ങലില്ല,
പ്രത്യാശതൻ കാത്തിരിപ്പില്ല.
മതഭേരിയില്ല, മതിലുകളില്ല,
വൈരികളാരുമിവിടെയില്ല.
സത്യമാണിവിടം, ശാന്തമാണിവിടം,
ഭൂതകാലത്തിനു സ്വന്തമാണിവിടം.