വനവാസമകലുന്നു, വനവീഥി തേങ്ങുന്നു,
ഒന്നായ ചിന്തകൾ ദിശ മാറിയകലുന്നു.
മോചനം കാത്തൊരു ശിലയുമില്ല,
പാദം പതിപ്പിച്ചനുഗ്രഹിക്കാൻ.
യാഗം മുടക്കികളാരുമില്ല,
എ,ന്നമ്പിൻ ശൗര്യമറിയിക്കുവാൻ.
പ്രേമം നടിക്കുവാൻ ദംഷ്ട്രമില്ല,
കാമനയോതുവാൻ രൂപമില്ല.
മായപ്പൊന്മാനിനെക്കണ്ടതില്ല,
മാസ്മരഭംഗിയിൽ വീണതില്ല.
കാവലിൻ രേഖ തെളിഞ്ഞതില്ല,
മനോബന്ധനം തീർക്കുവാൻ വന്ന നേരം.
ഏറെയലഞ്ഞു വലഞ്ഞു,
കാണാക്കിനാക്കളേത്തേടി.
പാദങ്ങളിലുമ്മവച്ചൊരാ മുള്ളുക-
ളിന്നേരം മലരായി മാറി.
വീണ്ടും പുഞ്ചിരി തൂകി പുലരി,
നന്മകളിനിയും പിറക്കുമെന്നോതി.