( കവിത കേൾക്കുക: https://shorturl.at/joXff )
മിന്നലും കൊടുങ്കാറ്റുമായ് ചേർന്നലി-
ഞ്ഞിന്നലെ പെയ്ത വർഷത്തിൽ നാമെത്ര
ധന്യമായ മുഹൂർത്തങ്ങൾ തീർത്തതാ-
ണന്യരാകാത്ത മൗനാനുരാഗികൾ.
നിന്റെ താരുണ്യകന്യാവനങ്ങളിൽ
മന്ദമാരുതനായിട്ടലഞ്ഞു ഞാൻ
നിൻ മുടിച്ചാർത്തിനോളങ്ങളിൽ രാവി-
ലിന്ദുഗോപങ്ങളായിത്തിളങ്ങിഞാൻ.
നിന്റെ യൗവന കാനനച്ചോലയിൽ
മുങ്ങി നീരാടിയെത്തും സമീരണൻ,
നിൻ കളേബര തല്പത്തിലവ്യക്ത
ഭംഗി തീർത്ത പരാഗരേണുക്കൾ ഞാൻ.
എൻ മനോചഷകത്തിൽത്തുളുമ്പുന്ന
മുന്തിരിച്ചാറിനുള്ളിൽലഹരിയാ-
യെൻ സിരാപടലത്തിൽ പകർന്നിട്ട
വർണ്ണധൂളികളായിപ്പടർന്നുനീ.
നിന്റെ മൗനഹാസത്തിൻ കണിക്കൊന്ന
പുഞ്ചിരിച്ച വിഭാതങ്ങളിൽ ഉണർ-
ന്നിന്ദ്രനീലാംബരത്തിൽ പൊഴിക്കുന്ന
മന്ദഹാസ നിലാവിലുറങ്ങി ഞാൻ.
തെന്നലേ കുരുത്തോലയിൽ വെണ്ണിലാ-
വിന്ദ്രചാപമൊരുക്കുന്നുഡുക്കളോ
മന്ദഹാസാർദ്രരേണുക്കൾ തൂകി നിൻ
ചന്ദനാധരകാന്തിയായെത്തുന്നു.
എത്ര യാത്രകൾ മന്വന്തരങ്ങളിൽ
ശുഷ്ക ശൂന്യ മരുപ്രദേശങ്ങളിൽ
മുഗ്ദ്ധ ലാവണ്യ ശാദ്വലോപാന്തത്തിൽ
ശ്രദ്ധരായിപ്പറന്നു നടന്നു നാം.
ചുട്ടു പൊള്ളും വെയിലിൽ പരസ്പരം
ഛത്രപം തീർത്തു, ദാഹിച്ചു നീറവേ
ദുഗ്ദ്ധവർഷമായ് തമ്മിൽ ശമിപ്പിച്ചു,
നിസ്തുലാസക്തിയോടെ പറന്നു നാം.
എത്ര ജന്മങ്ങൾ വർഷമേഘങ്ങളായ്
നിസ്‌ത്രപാകാശവീഥിയിൽ, മാരിയാ-
യെത്ര കല്ലോലജാലങ്ങൾ തീർത്തുകൊ-
ണ്ടെത്ര സാഗരാഴത്തിൽ നിഗൂഢരായ്.
എത്ര ജന്മങ്ങൾ വേണം നിലയ്ക്കാത്ത
നിർഝരിയായിട്ടണയുന്ന സ്നേഹമെ,
നിത്യതെ, നിരുപാധികാകർഷണ-
ശക്തിയെ മന്നിൽ നിന്നെ മറക്കുവാൻ!