(Sathy P)
കർണ്ണികാരം മഞ്ഞ-
ത്തുകിലണിഞ്ഞു,
കണ്ണനു കണിയാ-
യൊരുങ്ങി നിന്നു;
സ്വർണ്ണ പട്ടാംബരം
ചാർത്തി നിന്നു,
വസുധതൻ മനമായ്
വയലേലകൾ...
ദേശാടനക്കിളി-
ക്കൂട്ടമെല്ലാം
പലപല ദേശങ്ങൾ
താണ്ടിയെത്തി;
ഗ്രീഷ്മക്കൊടും വെയിൽ
നാളങ്ങളിൽ
ഗ്രാമത്തിൻ ഭംഗി
വിളങ്ങി നിന്നു.
ഒരു വിഷുനാൾകൂടി-
യിങ്ങണഞ്ഞു,
ഒരുനൂറു സ്വപ്നങ്ങ-
ളിതൾ വിടർന്നു,
കർഷക സ്വപ്‌നങ്ങൾ
പൂവണിയും
വിളവെടുപ്പിൻ
കാലമല്ലോ വിഷു!
ഓട്ടുരുളിയിൽ കാലം
കണിയൊരുക്കി,
ഓടിയകലുന്നു
ദിനരാത്രങ്ങൾ...
കണിവെള്ളരിക്കകൾ,
കൊന്നപ്പൂക്കൾ,
കാർഷികbസമൃദ്ധിയിൽ
കൺനിറയ്ക്കാം!
നിലവിളക്കിൻ പ്രഭ,
കോടിമുണ്ടിൻ ശോഭ,
സ്വർണ്ണനാണ്യത്തിൻ
സുവർണ്ണ കാന്തി;
കൈനീട്ടമേകുന്ന
കാരണവർ,
കണികണ്ടുണരുന്ന
കുഞ്ഞുങ്ങളും...
പശു, പക്ഷിജാലങ്ങൾ-
ക്കായും കണി
പതിവായിക്കാലങ്ങ-
ളായ്ത്തുടർന്നു,
അരിയെറിഞ്ഞാദിത്യനെ
വന്ദിക്കാം,
കണ്ടത്തിൽ വിത്തെറി-
ഞ്ഞാനന്ദിക്കാം...
കാർഷിക സംസ്കാരം
കാത്തുനിർത്താൻ
കാത്തിരിക്കാം
നമുക്കോരോരോ
കാലത്തും!