(ഷൈലാ ബാബു)
സാരോപദേശങ്ങൾ
സങ്കീർത്തനങ്ങളായ്;
വെളിച്ചം വിതറുന്ന
ജീവ വചസ്സുകൾ!
സാന്ത്വനമേകിടും
വാഗ്ദാനമായിരം,
സമസ്യകൾ തീർക്കുന്ന
പരിഹാര ദൂതുകൾ!
നേരിന്റെ നിഴലായ്
പ്രവചന വാക്യങ്ങൾ;
വിശ്വാസമുറപ്പിക്കും
വീര ചരിതങ്ങൾ!
നാഥൻമൊഴികളായ്
ദിവ്യ സന്ദേശങ്ങൾ;
പാപിക്കു രക്ഷയായ്
കത്തുന്ന തിരിനാളം!
നിത്യദുഃഖങ്ങളി-
ലൂർജ്ജമായിടുന്ന,
കൃപയുടെ വാതിലാം
കരുണാ പ്രവാഹിനി!
ജീവൻ തുടിക്കുന്ന
സത്യസ്വരങ്ങളായ്;
ശുദ്ധ സൂക്തങ്ങൾ
നിറയും മഹത്ഗ്രന്ഥം!
ബന്ധന മനതാരിൽ
മന്ത്രധ്വനികളായ്,
ശക്തമാം വിടുതലിൻ
അക്ഷരക്കൂട്ടുകൾ!
കഷ്ടനഷ്ടങ്ങളിൽ
മന്ദാരത്തൂവലായ്,
രോഗക്കിടക്കയിൽ
സൗഖ്യ പീയൂഷമായ്!
പാതയ്ക്കു ദീപമായ്
തീരും വചനങ്ങൾ
ദൈവത്തിൻ മക്കളായ്
മാറ്റുന്നു മർത്യരെ!
സ്വർഗീയ രാജ്യത്തിൽ
വാശ്ചയോടെത്തിടാൻ
മുറ്റും സഹായിക്കും
ആത്മ മണാളനായ്!
നിത്യവും വായിച്ചു
ധ്യാനിക്കുമെങ്കിലോ,
നൽഫലശാഖിയായ്
ധന്യത പൂകിടാം..