(ഷൈലാ ബാബു)
മലരിതൾ ചൊടികളിൻ
മധുകണം നുകരുവാ-
നാശയാലണഞ്ഞു നിൻ
ചുംബന മൊട്ടിനായ്!
നിൻ മടിത്തട്ടിലായ്
തലചായ്ച്ചുറങ്ങിടാൻ
സീമകൾ ഭേദിച്ചെൻ
മോഹക്കുമിളകൾ!
പൂനിലാമഴ പെയ്തു
സുസ്മിതം പൊഴിക്കുന്ന
ചന്ദ്രികപ്പെണ്ണാളും
കോരിത്തരിച്ചുവോ?
കേളിയാടീടുവാൻ
ഇനിയെത്ര രാവുകൾ
കുങ്കുമ നിറമാർന്നു
നീളേ കിടപ്പീലോ?
ഏവം മൊഴിഞ്ഞു നീ
അവഗണിച്ചെൻ ഹിതം
ഉറക്കം നടിക്കയാ-
ലുള്ളിൽ ചിരിച്ചുവോ?
ഒട്ടുമേ കാത്തില്ല
സമയം, തഥാക്രമം
എഴുതീ മഹാവിധി
മുറ്റും നിയോഗമായ്!
നിശയുടെ യാമത്തി-
ലേതോ മുഹൂർത്തിൽ
താളം പിഴച്ചതാലെൻ
ഹൃദയം നിലച്ചുപോയ്!
ഇന്നലെ കൊതിച്ചതാം
ചുംബന മലരുകൾ
കണ്ണീരിൽ ചാലിച്ചു
നൽകിയിന്നോമനേ!
ശാന്തമായൊഴുകുന്ന
സമയനദിക്കുള്ളിൽ
തുള്ളിക്കളിക്കട്ടെ-
ന്നോർമകൾ ഹൃത്തിലായ്!