മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(Neelakantan Mahadevan)

സ്വർണ്ണ വർണ്ണത്തിലെങ്ങും പൂത്തുലഞ്ഞതാം
കർണ്ണികാരങ്ങൾ കണ്ടിരുന്നു പണ്ടു നാം
ഗ്രാമവും നഗരവുമൊന്നുപോലന്നു
സാമോദം വിഷുവിനെ വരവേറ്റല്ലോ!


കർഷകർതന്നുള്ളങ്ങൾക്കുത്സവമായി
വർഷംതോറും വിരുന്നെത്താറുള്ള ദിനം
സമൃദ്ധമാം വിളകൾ  നാടെങ്ങും കണ്ടു
സമ്മാനിച്ചിരുന്നു  കൈനീട്ടം നാട്ടുകാർ!
ഓട്ടുരുളിയിൽ ശ്രീകൃഷ്ണന്റെ ചിത്രവും
ഒത്തിരി കാർഷികവിളകളും പിന്നെ
നാണയങ്ങളും കണ്ണാടിയും വസ്ത്രവും
കണികണ്ടുണർന്നിരുന്നു കേരളീയർ !
കാലംമാറി കൃഷിരീതികളും മാറി
കോലം മാറിയിന്നു കൊന്നമരങ്ങൾക്കും
മഞ്ഞപ്പൂക്കളിത്തിരി വാങ്ങുന്നു നമ്മൾ
കുഞ്ഞുങ്ങൾക്കാനന്ദം പകരുവാൻമാത്രം!
അന്യനാടുകളിൽ നിന്നെത്തും വിഷംക-
ലർന്ന കായ്കറി കണിക്കായ് നിരത്തുന്നു
ജീവിതം ഋണഭാരത്താൽ തകർന്നു പോ-
യോരേകുന്നു കണ്ണുനീർ കൈനീട്ടമായി !
പാടവും പറമ്പും കൈവിട്ടുപോ,യെങ്ങും
വീടുകൾ നിരന്നുനിൽക്കുന്നതു കാണാം
ആഘോഷമില്ല മലയാളികൾക്കൊന്നും
ദുഃഖമൊഴിഞ്ഞ കാലമിനിയെന്നെത്തും?
ലോകംമുഴുവൻ നിറയുന്നു ദുഷ്ടൻമാ -
രെങ്കിലും പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാം
തിന്മയെത്തോൽപ്പിച്ചു ജയഘോഷത്തോടെ
നന്മയെത്താൻ വിഷുവിനെ വരവേല്ക്കാം!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ