വഴിയോരം വിജനമാകുന്നുവോ?
തൃണങ്ങളിൽ മഞ്ഞുകണങ്ങൾ,
വീണു വിറങ്ങലിക്കാതിരുന്നാൽ,
വിതുമ്പിയൊഴുകാതിരുന്നാൽ
വഴിയോരക്കാഴ്ചകൾ
വിസ്മയങ്ങളാകാം.
വിരൽത്തുമ്പിൽ വിടരും
വിവേചനത്തിൻ്റെ മട്ടുപ്പാവിൽ,
അന്തേവാസികൾ
ആത്മഗതം ചെയ്യുന്നു.
അണിഞ്ഞൊരുങ്ങാൻ
പുടവ ഞൊറിയാത്ത,
പുളിയിലക്കര മാഞ്ഞുപോയ
മഹിളാരത്നങ്ങൾ.
വിഷാദമൊഴുകും നയനങ്ങളിൽ,
വിചിന്തനത്തിൻ്റെ ഭാവങ്ങൾ.
ജ്ഞാനത്തിൻ്റെ ശിരസ്സിൽ
ശവകല്ലറയൊരുക്കുന്ന,
ശനി ദശകൾ.
കണ്ണീരുണങ്ങാത്ത കപോലങ്ങൾ,
ചാരമയമാകുന്ന
വിശ്വദീപ്തികൾ.
സന്തതിപരമ്പരയുടെ ,
അങ്കത്തട്ടിൽ,
അന്ത:പുരം വിട്ടൊഴിഞ്ഞ്
വനവാസം കൽപ്പിച്ച,
വഴിയോരക്കാഴ്ചകൾ.
ധനസമക്ഷം ദർശിക്കുന്ന
പുഷ്യരാഗ രത്നങ്ങൾ.
അകത്തളങ്ങളിലെരിഞ്ഞു തീർന്ന
ധൂപക്കുറ്റികൾ.
ദൈവസൃഷ്ടിക്കായ്
അശനിപാതമേറ്റ
അമ്മ മനസ്സുകൾ.
അനുഗ്രഹങ്ങളുടെ ആരതിയുഴിയുന്ന
ഭണ്ഡാരങ്ങൾ
വ്യക്തിമഹത്വങ്ങൾ
സാമൂഹ്യ വൽക്കരിച്ച,
വ്യക്തിത്വത്തിൻ ഉൾക്കാഴ്ചയുടെ
അവശിഷ്ടങ്ങൾ.
നാളെ നിങ്ങളുമെത്തുമീ
വഴിയോരത്തെ വിജനതയിൽ.
വഴിയോരക്കാഴ്ചകൾ കാണാൻ.