യുദ്ധത്തിതിനുള്ള കാരണങ്ങള്‍
ഉണ്ടാകുന്നതിന് ചില നിമിഷങ്ങള്‍ മതി.
യുദ്ധം അവസാനിക്കാന്‍
ചിലപ്പോള്‍ ദിവസങ്ങള്‍ മതിയെന്നും വരാം.
യുദ്ധകാലത്തിന്റെ ദുരിത സ്മരണകള്‍ മറക്കാന്‍
ചില വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം.
നിശ്ചയമായും,
യുദ്ധദുരന്തം ഗ്രസിച്ച ഇരകളുടെ
മുറിപ്പാടുകള്‍ കാലയവനികയില്‍ മറയാതെ കിടക്കും.
അന്നവും ആശ്രയങ്ങളും അറ്റുപോയവര്‍ -
അമ്മമാര്‍, വിധവകള്‍, കുഞ്ഞുങ്ങള്‍,
വയോജനങ്ങള്‍, അംഗഭംഗരായവര്‍ -
യുദ്ധകാമനകളുടെ വേട്ട മൃഗങ്ങള്‍.
മിഴിബാഷ്പങ്ങളുടെ ശ്യാമവാനങ്ങള്‍
തൂവിയ പെരുമഴയുടെ പ്രളയത്തില്‍,
ആരാലും അറിയപ്പെടാതെ ഒഴുകിയകന്നവരുടെ
ചലമൊഴുകുന്ന വ‍്രണിത മനവും മേനിയും
യുദ്ധവിജയങ്ങളുടെ സ്മാരകശിലാ
ലിഖിതങ്ങളായിത്തീരുന്നു.
നൂറ്റാണ്ടുകള്‍ക്കപ്പുറവും,
കാലത്തെ തിരയുന്നവര്‍ ആ മുറിവുകളില്‍
കൊത്തിപ്പെറുക്കിക്കൊണ്ടിരിക്കും.
ചരിത്രം,
ഉണങ്ങാത്ത ആ മുറിവുകള്‍ സൂക്ഷിച്ചു വയ്ക്കും.