(ഷൈലാ ബാബു)
കിങ്ങിണിപ്പൂക്കളാൽ
മഞ്ഞാട ചുറ്റിയ
കൊന്നത്തരുക്കണി
കണ്ടു നിൽക്കേ...
എന്നോ മറന്നതാം
മേടപ്പുലരികൾ
അറിയാതെന്നോർമയി-
ലോടിയെത്തി.
പല നാളു മുൻപേ
തുടങ്ങുമൊരുക്കങ്ങൾ
ഉറ്റവർ ബന്ധുക്ക-
ളൊത്തു കൂടും.
നാനാ പഴങ്ങളും
പച്ചക്കറികളും
മഞ്ഞണിക്കൊന്ന
മലർക്കുടങ്ങൾ!
എഴുതിരി വിളക്കിന്റെ
തങ്ക പ്രഭയിലായ്;
വശ്യ വദനത്തിൽ
ശ്യാമകൃഷ്ണൻ
കൺകൾ മറയ്ക്കു-
ന്നിരുകരം കൊണ്ടമ്മ
പൂജാമുറിയിലേ-
ക്കാനയിക്കും.
വിഷുദിനപ്പുലരിയി-
ലാദ്യത്തെ കാഴ്ചയായ്
വിഷുക്കണി കണ്ടു
മനം കുളിർക്കും.
വിഷുക്കൈനീട്ടമായ്
മുത്തച്ഛനേകിടും
നാണയത്തുട്ടിൻ
മണികിലുക്കം.
തൂശനിലയിൽ
വിളമ്പും വിഷുസദ്യ,
തറവാട്ടിലുത്സവ-
ഘോഷമോടെ!