'ഇത്രനാൾ നടന്നു ഞാൻ നിന്റെ കൂടെ,
ഇനി എനിക്കൊപ്പം നടന്നിടൂ' എന്നായി മൃതി വാദം.
'തണുത്ത കരങ്ങളാൽ തിരുമി അടക്കല്ലേ
നരച്ച പുരികക്കീഴിൽ ചുളിഞ്ഞ മിഴിപ്പോള.'
ഇടറും നാവാൽ മുട്ടി വക്കുപൊട്ടിയ വാക്കിൻ
അർത്ഥമറ്റൊരു സ്വരം മാത്രമായിരുന്നത്.
കറുപ്പു വറ്റിതീർന്ന കൃഷ്ണമണിക്കുള്ളിൽ
ഉറ്റുനോക്കി അറിഞ്ഞിടാം മൃത്യു എന്നന്തർഗതം.
"നീരറ്റ വനത്തിലെ ഹിംസ്ര ജന്തുകൾ
നാട്ടിലേക്കിറങ്ങിടാം, നിന്റെ ഉണക്ക
അസ്ഥിക്കൂട് പൊട്ടിച്ചു ഭക്ഷിച്ചിടാം .
പ്രളയം വരും മുമ്പേ, തീഷ്ണമാം
വേനൽ ചൂടിൽ കരിഞ്ഞു പോകും മുമ്പേ,
നിലം തൊടാപാദങ്ങൾ വെച്ചെൻ
കൂടേ, സഖേ നടന്നു തുടങ്ങുക .
നിനക്കായ് കണ്ണീർ തൂകൻ ഇല്ലിനി ആരും,
നിന്റെ ശേഷകർമ്മങ്ങൾ ചെയ്തു
പിരിയാൻ തിടുക്കമാണവർക്കിപ്പോൾ.
പാദമൂന്നുവാൻ നിനക്കില്ലിനി തരിഭൂമി
വെട്ടി പങ്കിട്ടു നിന്റെ പിൻഗാമി അവയൊക്കെ.
അസ്ഥിയെ പുതപ്പിച്ച ചുളിഞ്ഞ ചർമ്മത്തിന്റെ
അടിയിൽ ഒഴുകുന്ന നീലമർമരം നിർത്തി പോരുക എൻകൂടെ നീ."
നീതന്നെ സഖാവ്, നിന്നൊപ്പം നടന്നവൻ
ഉണർവ്വിൽ, ഉറക്കത്തിൽ കൂട്ടിരുന്നവൻ.
വെറുപ്പിൻ കൈപ്പുനീർ കുടിച്ചു നിന്നിൽനിന്നും,
എന്നാൽ വെറുപ്പാണിപ്പേൾ നിന്നേ
നീ വെറുക്കാതിരുന്നോർക്കൊക്കെ.
ഇനിയും മോഹിക്കുകിൽ പച്ചമാംസത്തിൽ
പുളഞ്ഞൊഴുകും ഞരമ്പിലെ ചോരച്ചുടാറും
മുമ്പേ ചിതയിൽ എരിച്ചു നിൻ ബാദ്ധ്യത ഒഴിച്ചിടും.
തിരക്കാണവർക്കൊക്കെ അന്ത്യചുംമ്പനത്തിനായ്
അടുക്കില്ല നിൻ കരിഞ്ഞ ചുണ്ടിലേക്കു
നീ ചുംബിച്ച ചുണ്ടുകൾ ഒന്നും തന്നെ.
പിരിഞ്ഞു പോകിൽ, നിന്റെ മലമൂത്ര ഗന്ധം ചൂഴ്ന്ന
മുറിക്കകം കഴുകി വൃത്തിയാക്കി വാടക മുറിയാക്കാം...