kalathinte diary

Rajendran Thriveni

കാലത്തിന്റെ തുടിപ്പായി-                                  
ന്നൊരു ഡയറി കുറിക്കാൻ
ചങ്കിൽ കത്തും തീയുടെ ചൂടു
പകർന്നു നിറയ്ക്കാനിതു മാത്രം!
ശാന്തി തിരഞ്ഞു തകർന്നൊരു
ജീവന്റന്ത്യവിലാപം!

സ്വസ്ഥതയുണ്ടോ, മനസ്സുഖമുണ്ടോ
പേടി നിറയ്ക്കും ചിന്തകളല്ലേ?

ചുട്ടു പഴുത്തയിരുട്ടിൻനിഴലിൽ
ക്ഷീണം തിങ്ങിക്കണ്ണടയുമ്പോൾ;
ചിറകുവിരിച്ചുവരുന്നു സ്വപ്ന-
ക്കഴുകുകൾ കൊത്തിവലിക്കാൻ:

ഓലപ്പുരയുടെ മോന്താഴത്തിൽ
കെട്ടിത്തൂക്കിയ അതിജീവിതയുടെ
ചോരയൊലിക്കും മാംസത്തുണ്ടുകൾ
കനലാട്ടത്തിനു കെട്ടിയൊരുങ്ങി
തുള്ളിയുറഞ്ഞു വരുന്നു ...
ആസുരതാളം  മാറ്റൊലി തീർക്കും 
നിശയുടെ കട്ടയിരുട്ടിൽ!

ആകാശത്തൊരു മേഘക്കീറിനു      
തീയുടെ ചിറകു മുളച്ചോ...
ക്ഷീരപഥത്തിനു തീയിട്ടാർത്തൊരു 
വാൽനക്ഷത്രം പാഞ്ഞു വരുന്നു!

നക്ഷത്രങ്ങൾ പിളർന്നു 
മഴവിൽ ഞാണു തകർന്നു...
പാഞ്ഞു വരുന്നൊരു സൗരക്കാറ്റീ
മണ്ണിനെ നക്കിയെടുത്തു പറക്കാൻ!

ഭ്രാന്തു പിടിച്ച കടൽത്തിര 
രാക്ഷസരൂപമെടുത്തൊന്നലറി,
വായപിളർന്നൊരു ഭീകരനായി;
കണ്ടു നടുങ്ങി വൻകരയേഴും!

കടലിന്നടിയിൽ നിന്നു മുളച്ചു
വേരില്ലാത്ത സഹാറ!
അവിടെക്കടലിലെ ജലജീവികൾതൻ
എല്ലും തോടും പിരമിഡുതീർപ്പൂ!
വലിയ തിമിംഗല മസ്തകമവിടെ
നരസിംഹാകൃതിപൂണ്ടൊരു സ്ഫിൻക്സും!
അതിന്റെ കണ്ണിൽ, രാസച്ചിരിയുടെ
വികൃതി വെളിച്ചം കത്തുന്നിന്നും!

ലോകം കത്തിത്തകരും ചിത്രം...
നാഡീകലയുടെ നേർത്ത ഞരമ്പിൽ
ഭയമായ്പ്പടരും നാളിതിലെങ്ങനെ
ശാന്തിയിലാഴ്ന്നു മയങ്ങും?

ഒറ്റത്തുള്ളി ജലത്തിന്
വയറെരിയാത്തൊരു വറ്റിന്
ഒന്നു പിടയ്ക്കാൻ പ്രാണന്,
കണികാണാനൊരു പൂവിന്
മുറ്റത്തൊരു ചെറു കുരുവിക്ക്
പാങ്ങില്ലാത്തൊരു മണ്ണിൽ;
പാതി മരിച്ചു  കഴിഞ്ഞു
ശാപം പേറിയ ജന്മങ്ങൾ! 

അന്തിമ വിധിയുടെ നാളുകളെണ്ണി,
നരകത്തിരയുടെ  ഹുങ്കാരത്തിന്              
കാതുകളോർക്കും നാളുകളാണീ
കണ്ണിനു മുന്നിൽ കാണുക നിത്യം!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ