(Bindu Dinesh)
രാത്രിയെയോ പകലിനെയോ സഹിക്കാം
എന്നാൽ സന്ധ്യയെ വയ്യ.
തിരസ്ക്കരിക്കപ്പെട്ടതാണത്
പാതി തുറന്ന ഇരുട്ടിന് പിറകിൽ
അത് നിൽക്കുന്നൊരു നിൽപ്പുണ്ട്.......
ഇരുട്ടോ വെളിച്ചമോ ആകാതെ
ആണോ പെണ്ണേ ആകാതെ
ദളിതനോ സവർണ്ണനോ ആകാതെ
വാതിൽപ്പടിക്കപ്പുറത്തേയ്ക്കോ
ഇപ്പുറത്തേയ്ക്കോ എന്നറിയാത്ത
ഒരു വ്യഥിതന്റെ നിൽപ്പ്.. !!
അരുംകൊലയ്ക്കേ കൊള്ളാവൂ അതിനെ
മാറ് പിളർന്ന് കുടൽമാല വലിച്ചിടാൻ,
മുന്നിൽ നിർത്തി
പിതാമഹൻമാരെയരിഞ്ഞു വീഴ്ത്താൻ..!
മുഴുവൻ ഇരുട്ടുമായി
ഒരു രാത്രി വന്നു വിളിച്ചാലും ഇറങ്ങിപ്പോകില്ല
ഇനിയും ഒഴിഞ്ഞു പോകാത്ത പകലിനെയോർത്ത്
ആ വാതിൽപ്പടിയിൽത്തന്നെയിരിക്കും..!
എങ്കിലും,
മരണമോ ജീവിതമോ എന്നറിയാത്ത ഒരു ലോകത്ത്
സുഖമാ ദു:ഖമോ എന്നറിയാത്ത ഈ ജീവിതത്തിൽ
ഒരു മൂന്നാംലിംഗം
ഇത്രയ്ക്കതിശയമാകുന്നതെങ്ങിനെയാണ്?