(Sathy P)
കണ്ണാടിയുണ്ടായിട്ടെന്തു കാര്യം,
കദനത്തിൻ കാഴ്ചകൾ
കാണുവാനെപ്പോഴും
മനസ്സാകും കണ്ണാടി തന്നെ വേണം!
കണ്ണിൽക്കാണുന്നതാവില്ല സത്യം
സത്യത്തിൽ മുഖമതു,
കണ്ണിൽത്തെളിയുവാൻ
ദയയാർന്നൊരുൾക്കണ്ണു കൂടി വേണം!
കനിവോടെയപരന്റെ
കദനങ്ങളറിയുവാനരുതാത്ത;
കാണുവാൻ വയ്യാത്ത,
കണ്ണാടിയെന്തിനണിഞ്ഞിടുന്നു...
മനുജന്റെ മനസ്സാകും കണ്ണാടി
നിത്യവും കാരുണ്യശീലയാൽ
കറ തീർത്തു വയ്ക്കുകിൽ
കാഴ്ചകൾ മറയാതിരിക്കുമല്ലോ!
മുഖത്തിന്നലങ്കാരമാണെങ്കിലും,
മുഖമേതും കാണാത്ത കണ്ണാടിയെങ്കിലോ;
മൂല്യമില്ലാത്തൊരു ചില്ലു കഷ്ണം...
മൂലയ്ക്കെറിഞ്ഞു കളഞ്ഞു പോരാം!