മാനത്തെ വാരിളം തിങ്കൾക്കലപോലെ.
സന്ധ്യക്കു പൂത്തൊരു പാരിജാതം പോലെ.
എന്നുമെന്നുള്ളിൽ
പ്രകാശം വിതറുന്ന,
എന്റെ പൊന്നമ്മ
യാണെന്നുമെൻ ദേവത!
ഗർഭപാത്രത്തിൽ
കുരുത്ത നാൾ തൊട്ടിങ്ങു,
പെറ്റുവീഴും വരെയുള്ള ദിനങ്ങളിൽ,
എത്രയോ യാതന
നോവുകൾ പിന്നിട്ട്,
രക്തമൂറ്റിത്തന്നു
രക്ഷിച്ചതമ്മ താൻ.
പിഞ്ചോമനയുടെ
പൊന്മുഖം കാണവേ,
പേറ്റു നോവിന്റെ
കാഠിന്യം മറന്നവൾ.
താരിളം ചുണ്ടു പിളർത്തിക്കരയവേ -
സ്തന്യമാം പീയൂഷ-
മിറ്റിച്ചു തന്നവൾ.
എത്ര ദൂരത്തിൽ ഞാൻ പോയിയെന്നാകിലും,
എത്ര നാൾ തങ്ങളിൽ കാണാതിരിക്കിലും,
എന്നുമെന്നുള്ളിൽ മിഴിവാർന്നു നിൽക്കുന്ന
അമ്മയാം പുണ്യത്തി-
നായിരം കൂപ്പുകൈ!
അമ്മയെപ്പറ്റി
യൊരായിരമോർമ്മകൾ,
എന്നകതാരിൽ കുളിർമഴയാകവേ,
ചെന്നിനായകത്തിന്റെ കയ്പ്പിനെ വെല്ലുന്ന,
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമോർമ്മയിൽ.
മുട്ടിലിഴഞ്ഞു നടക്കുന്ന നാളിലും പിച്ചവച്ചോടി നടന്നൊരുനാളിലും,
വീഴാതെ കൈപിടിച്ചൊപ്പം നടന്നൊരു
പെറ്റമ്മതന്നെയാ-
ണെന്നുമെൻ മാതൃക!
ഉമ്മറത്തിണ്ണയിൽ
വാരി വിരിച്ചിട്ട,
വെൺപൂഴിയിൽ കൊച്ചുകൈവിരൽ-
ചേർത്തുവച്ചക്ഷരമാല
യെഴുതി പഠിപ്പിച്ച,
എന്റെ പൊന്നമ്മയാ
ണെന്നുമെൻ ദേവത!
അക്ഷരത്തെറ്റു
വരാതെ വായിക്കുവാൻ,
കുട്ടിക്കവിതകൾ ചൊല്ലിപ്പഠിക്കുവാൻ,
എന്തിനുമെപ്പോഴു-
മോടിയെത്തീടുന്ന
അമ്മതന്നോർമ്മയിൽ പൂക്കുന്നുവെൻ മനം.
ബാല്യ കൗമാരങ്ങൾ
പിന്നിട്ട നാളിലും,
പിന്നെക്കലാലയത്തിൽ
ചേർന്ന നാളിലും,
എൻമാർഗ്ഗദർശിയാ-
യെൻകർമ്മപാതയിൽ
വർണ്ണ വെളിച്ചം തെളിയിച്ചതമ്മതാൻ!
അമ്മയാം ദേവത
ചെയ്തു തന്നിട്ടുള്ള,
ഒന്നല്ല നൂറല്ലൊരായിരം കാര്യങ്ങൾ,
എണ്ണിപ്പറയാൻ കഴിയില്ലവയെന്റെ,
ജന്മസൗഭാഗ്യമായ്
കാത്തു സൂക്ഷിപ്പു ഞാൻ.