വെയിലേറ്റു വാടിയ കെട്ടിടത്തിൽ,
തണലേറ്റിരുന്നു തൻ കടമകൾ ചെയ്യും;
മർത്ത്യരെക്കാണാം നഗരങ്ങളിൽ,
ജീവിതയാത്രകൾ സഫലമാക്കാൻ.
പാതയോരങ്ങളിൽ വിൽപ്പനയ്ക്കായ്,
വെയിലും മറന്നു നിൽക്കുവോർ ചിലർ;
വിലപേശൽ കേട്ടു മനം മടുത്ത്,
നൽകുന്നു തൻ ലാഭത്തിൻ പങ്കൊന്ന്!
പാനീയശാലകൾ ക്ഷീണിതർക്കായ്,
ദാഹമകറ്റുവാൻ കാലംകഴിക്കുന്നു.
വർണങ്ങളേതുമവിടെ ലഭ്യം,
നാവിലെ മുകുളങ്ങൾ നൃത്തമാടാൻ!
പശിയുള്ളോരെങ്ങുമലയാതിരിക്കാൻ,
ഭോജനശാലകൾ സുലഭമായ്ക്കാണാം.
നക്ഷത്രമുള്ളതു,മില്ലാത്തതും
തള്ളുവണ്ടിയിൽപ്പോലും ഭോജനം കാണാം!
തിന്നും കുടിച്ചും മേലായ്കയായാൽ,
ചെന്നിടാം ആരോഗ്യശാലതൻ മുന്നിൽ!
വലുതും ചെറുതുമായെത്രയോ കെട്ടിടം,
രോഗികൾക്കായെന്നും കാത്തിരിപ്പൂ!
വായ്പകൾതൻ സഹായമേകാൻ,
മത്സരിച്ചീടുന്നു സ്ഥാപനങ്ങൾ.
വായ്പതൻ കാഠിന്യമേറിടുമ്പോൾ,
നിദ്രമറന്നു മനം തേങ്ങിടുന്നു.
ദൂരേ മറഞ്ഞതാം നിദ്രയേത്തേടി,
ലഹരിയോടൊത്തു കറങ്ങിടുന്നു.