പകലെരിഞ്ഞകന്ന നിഴൽപ്പാടുകളിൽ
നിലാമുല്ലകൾ തളിർക്കുന്ന വേളയിൽ
പോയ വസന്തത്തിൻ വിരഹരേഖയിൽ
ഹൃദയമുല്ലകളെന്നും നട്ടു ഞാനിരുന്നു.
ഹൃദയമോതുമിഷ്ടം മിഴിതുളുമ്പാതെ
അറിയിന്നുയിന്നും തമ്മിൽ പറയാതെ,
തിരക്കിന്റെതീരത്തെന്നെ മറന്നെങ്കിലും
തിരക്കിലും നിന്നരികെയെത്താറുണ്ട്
മഴവില്ലുതൊട്ടു നിന്ന കിനാപ്പടവിൽ
ഇടനെഞ്ചിലമർന്നു തലചായ്ച്ചിരുന്നു
കരിമഷി ഒഴുകി പടരുന്നനേരം
അവനെന്റെ മിഴിനനവറിയാതെ
ചേർന്നിരുന്നു ചേർത്തുപിടിക്കാതെ
മഴവില്ലു മുറിഞ്ഞുപോയി കിനാപ്പടവിൽ.
വിജനമാം വിഷാദസന്ധ്യാംബരത്തിൻ
മിന്നും മഞ്ഞച്ചിറകിൽ പറന്നിറങ്ങിയ
മഴതൻ കളിയരങ്ങിൽ ആടുമ്പോൾ
അവനെന്റെ മോഹമഴ നനയാതെ
ആരോ തുറന്ന കുടച്ചോട്ടിലരികെയുണ്ട്.
ഓർമ്മത്തണലിൽ ഉറങ്ങുന്ന
അവനെ ഉണർത്താതെയെന്നും
അവൻ മറന്ന ഹൃദയവഴികളിലൂടെ
ഓരോ നിമിഷദൂരങ്ങളിലും നടന്നു
അവനിലേക്കെത്താൻ മാത്രമീ ജന്മം.