ഇന്നലെവരെ പൊട്ടിച്ചിരിച്ച എന്റെ സന്തോഷങ്ങളെ ബാക്കിയാക്കി,
ഇന്നലെവരെ പെയ്തുതീർത്ത സങ്കടക്കടലുകളെ ബാക്കിയാക്കി,
ഞാൻ മടങ്ങുകയാണ്.
ഇന്നെന്നിൽ സ്വന്തമെന്ന് പറയാൻ ഒന്നുമില്ല.
ഒരു ശ്വാസത്തിന് അപ്പുറം,
ഇന്ന് വലുതായി ഒന്നുമില്ല.
വെറും ആറടി മണ്ണിൽ പൊലിഞ്ഞു.
ഞാനെന്ന മനുഷ്യജന്മം.
ഇത്രേംനാൾ കൂടെപ്പിറപ്പായി കണ്ടവർ പോലും
ഇന്നെനിക്ക് കൂട്ടായി കൂടെയില്ല.
സ്വരുക്കൂട്ടിയ സമ്പാദ്യമത്രേം ഒരു കാഴ്ചവസ്തു മാത്രമായി.
ആറടി മണ്ണിൽ ഒറ്റക്ക്,
കൂരാകൂരിരുട്ടിൽ ഏകനായി അങ്ങനെ.
ഞാൻ അലറികരഞ്ഞു
ആരും കേട്ടില്ല
ഒരു തിരിഞ്ഞുനോട്ടം
പ്രതീക്ഷിച്ചു
അത് ഉണ്ടായുമില്ല.
കൈകാലുകൾ ചങ്ങലകൾ കൊണ്ട് ബന്ധിച്ചപോൽ
ഉള്ളിലെ നോവിനെ
ഉള്ളിൽ തന്നെ പുകച്ചു
തണുത്തുറഞ്ഞ ശിലപോലെ ഞാൻ മാറി.
ഒരിക്കൽ കൂടി കരയാൻ, ചിരിക്കാൻ
കൊതിച്ച നിമിഷമിതാണ്.
പോയിമറഞ്ഞ നിമിഷങ്ങളെ നെഞ്ചിലേറ്റി ഞാനും
അനാദിയായ യാത്രക്ക് തുടക്കംകുറിച്ചു.
എന്നിലെ നോവുകളെ മായ്ക്കാൻ എന്നോണം
വിണ്ണിൽ നിന്നുമൊരു താരകം
മണ്ണിലേക്ക് പറന്നിറങ്ങി.
ഒരു മഴത്തുള്ളിപോലെയവ
മണ്ണിലേക്ക് പെയ്തിറങ്ങി.
അറിയാതെപ്പോഴോ
എൻ നോവും
അതിൽ അലിഞ്ഞുചേർന്നു.