അമാവാസി കഴിഞ്ഞു,
ചന്ദ്രൻ പൂർണ്ണത തേടി
രോഹിണിയിലേയ്ക്കുളള
യാത്ര തുടങ്ങിക്കഴിഞ്ഞു.
ഇന്ന് ആയില്യം നാൾ.
എവിടെയുമുപേക്ഷിയ്ക്കപ്പെടാനാവാത്ത എൻറെ നോവും,
എഴുതുമീ വിരൽ തുമ്പിലെ അസ്ഥിയും,
നിന്നെ പിൻതുടരുമീ കാലടികളും,
പയ്യെ കൊണ്ടു പോകുന്നുണ്ടെൻ
ജീർണ്ണത തേടുമീ ശരീരത്തെ,
സർപ്പക്കാവിനുളളിലെ സത്യത്തിൻ ഗന്ധം വമിക്കുമീ
നേരിൻറെ കവാടത്തിലേയ്ക്കായ്.
കളത്തിൽ വീണു കിടക്കും
ചോന്ന തെച്ചിപ്പൂങ്കുല പോലെ,
അസ്പർശിയാം ലയത്തിലായിരുന്നെൻ പ്രണയത്തിൻ ജന്മം.
മഞ്ഞളിൻ ഗന്ധവും ചെറുകരിന്തിരി പുകയും,
നീയും ഞാനുമായിരുന്നു.
അന് നമ്മൾ നന്നായി പറയുമായിരുന്നു നേരുകൾ മാത്രം.
സത്യത്തിനു മാത്രം ചേർന്ന,
ഭസ്മഗന്ധം പോലെ,
നമ്മുക്ക് നമ്മെ തിരിച്ചറിയാമായിരുന്നു!