ജെയ്സാൽമീറിൽ മഴനനഞ്ഞ്
രാത്രിമണാലിയിൽ ബസ്സിറങ്ങി
റൊട്ടാംഗ്പാസ്സിൽ പേരറിയാത്തൊരു മഞ്ഞു പൂവിനെ കവിൾചേർത്ത്
ബിയാസ്സിലെ ഉരുളൻ കല്ലുകൾ പെറുക്കി
ഗോപാലപുരത്തെ ചോളക്കാടുകൾക്കിടയിലൂടെ തനിയെപോവുന്നൊരു പെണ്ണിനെ ആശങ്കകൾക്കൊപ്പം കൂടണയാൻ വിട്ട്
നെല്ലിയാമ്പതിയിൽ ഒരപൂർവ്വ ശലഭത്തിന്റെ വീടുമുയിരും തേടിയലഞ്ഞ്
ഗവിയിലേക്കുള്ള അവസാന വണ്ടിയിൽ ആദ്യത്തെയാളായ്ക്കയറി
വീടെത്തുമ്പോൾ
വീടിരുന്നിടമൊരു തേക്കിൻ കൂപ്പ്
കണ്ണെത്താ ഉയരത്ത് ചില്ലകൾ കൊണ്ട് മുഖം മറച്ച് കൂടൊരുക്കുന്നു പെങ്ങൾ
അതേ മരത്തെ ആകുലതകൾക്കൊണ്ടു ചുറ്റിവരിയുന്ന രണ്ടതമ്പിൻ വള്ളികളായ് അപ്പനുമമ്മയും!
ഞാനുമവളും പൂത്തു നിന്നിരുന്ന വേലിയതിരിൽക്കൂടിപ്പോഴൊരു പുഴയാണൊഴുകുന്നത്
പുഴക്ക്
ബിയാസ്സിന്റെയതേ നിറം
ജെയ്സാൽമീറിലെയതേ മഴത്തണുപ്പ്!