വാക്കുകൾ വർണചിത്രങ്ങൾവരയ്ക്കുന്ന
വാസരസ്വപ്നം നിറഞ്ഞൊരാ നാളുകൾ
ഏകാന്തമെൻ മനമേറെയായോമനിച്ചാനല്ല
വർണക്കിനാക്കൾ മറഞ്ഞുപോയ്
ഏതോവനാന്തര ഗൂഢതയെപ്പൊഴും
ആരുമറിയാതെ പിന്തുടർന്നെത്തുന്ന
പേടിപ്പെടുത്തുന്ന ചിന്തകൾ പോലവ -
യാഞ്ഞു കൊളുത്തി വലിക്കുന്ന വേദന...
കണ്ണൊന്നുചിമ്മിയാൽ വർണശബളിത
ഭംഗിയിലെത്രയോകാഴ്ചകൾ കണ്ടുഞാൻ!
ഒരു മുളന്തണ്ടിൽ നിന്നുയരുന്ന രാഗമായ്
ഒരു ഗോപവാടം നിറയുന്നഗാനമായ്
വർണങ്ങളിൽ നൽ വസന്തംവിടർത്തിയ
നന്മനിറഞ്ഞൊരാനല്ല ദിനങ്ങളെ
വീണ്ടുമാവാഹിച്ചെടുക്കുവാൻ മായികാ-
പിഞ്ഛികാജാലത്തിനായിടാമെങ്കിലും
ശൂന്യതയേറെ നിറഞ്ഞു വിങ്ങുന്നൊരെൻ
ചേതനയെന്നേ്തയണയാഞ്ഞു പിന്നെയും!
എന്റെ സ്വപ്നങ്ങളിലെന്റെമോഹങ്ങളിൽ
നന്മകൾ മാത്രം വിടർത്തുന്ന ചിന്തകൾ
ഭാസുരമായ് വീണ്ടുമൊന്നണഞ്ഞീടുവാൻ
ഭാവനേ നീയെത്തുകില്ലേയരികിലായ്!