(ഷൈലാ ബാബു)
എത്ര നാളെന്റെയീ വീടിന്റെയങ്കണം
ശൂന്യമായ് കാൺമൂ വിരസമായി!
പിച്ചവച്ചോടിക്കളിക്കാത്ത പാദങ്ങൾ
സങ്കല്പചിത്രമായോമനിപ്പൂ!
പ്രേമം കിളിർത്തു തളിരണിയാത്തൊരീ,
നിദ്രാവിഹീന നിശീഥിനികൾ!
ഗൃഹമെന്നുചൊല്ലുവതെങ്ങനെ ഞാനിന്നു,
മൂകവിഷാദവിപഞ്ചിക പോൽ!
കൺമണിക്കുഞ്ഞിനു താലോലമായിടാൻ,
താരാട്ടുപാട്ടായെൻ പൊൻകിനാക്കൾ!
കോരപ്പുലയന്റെ ചെറ്റക്കുടിലിൽ
നിന്നാഹ്ലാദത്തിരതല്ലലുയരുന്നിതാ...
കൊട്ടും കുരവയുമലയടിച്ചെത്തു-
ന്നെ,ന്നുദ്വേഗ മാനസമതികുതുകാൽ!
പെറ്റിട്ടുവീണൊരാ കുഞ്ഞിക്കിടാവിനു,
അമ്മിഞ്ഞയൂട്ടി പുലയിപ്പെണ്ണും!
പൂമേനി തൊട്ടുതലോടി നിന്നീടുന്നു
മൂത്ത കിടാങ്ങളുമരികിലായി!
എന്തൊരാനന്ദമാണാക്കൊച്ചുപുരയി-
ലിന്നാകാശത്തോളം പറന്നുയരാൻ!
നെടുവീർപ്പിലൊളിപ്പിച്ച മോഹങ്ങളിന്നെന്റെ,
കരളിലെ കരിങ്കല്ലായ് വളർന്നിടുന്നു!
അശാന്തി തിങ്ങുമീയന്തരീക്ഷത്തിലെ,
ചുമരുകൾക്കുള്ളിലായെൻ പ്രയാണം!