ശൈത്യകാലത്തിന്റെ
യോർമയിലിപ്പോഴും,
വൃശ്ചികക്കുളിരും
ശരണം വിളികളും.
മണ്ഡലമാസ
പ്പുലരികളും,
പിന്നെ അമ്പലത്തിൽ
നിന്നും ഭക്തി ഗാനങ്ങളും.
കലിയുഗ വരദന്റെ
മല ചവിട്ടാനുള്ള,
കഠിനവ്രതവും
മനസ്സിൻ വിശുദ്ധിയും.
മഞ്ഞിൻ പുതപ്പു
വിട്ടുണരാൻ മടിക്കുന്ന,
സൂര്യദേവന്റെ
വിരിയും വദനവും.
ശൈത്യമേറുന്ന
പകലുകളും,
വന്നെത്തും ധനുമാസ-
പ്പെണ്ണിൻ സമൃദ്ധിയും.
ആർദ്രാ വ്രതവും
മുറുക്കിച്ചുവപ്പിച്ചു,
പൂർണ്ണേന്ദുവെത്താൻ
കൊതിക്കും പകലുകൾ.
പാതിരാപ്പൂവിൻ
വിശുദ്ധിയും,ചൂടുന്ന
നാരിമാർ പാടി-
ക്കളിക്കുന്ന ശീലുകൾ.
ദൈവപുത്രന്റെ
വരവറിയിക്കുവാ-
നെത്തുന്ന വെള്ളി
നക്ഷത്രത്തിന്റെ ശോഭയും.
തൂമഞ്ഞു ചൂടി
ക്കുളിർന്ന മലകളും,
ഇലകൾ പൊഴിച്ചു
കരയും മരങ്ങളും.
എല്ലാമിഴചേർന്നമൂർത്തമാം
സൗന്ദര്യ ലഹരിയിൽ-
നിൽപ്പൂ,ശൈത്യ-
കാലത്തിൻ പകലുകൾ.