(ഷൈല ബാബു)
ബാല്യ വസന്തത്തിൽ
കളിക്കൂട്ടരഞ്ചുപേർ,
കൗമാരം പിന്നിട്ടു
വീരയുവാക്കളായ്!
ഒരു മനമോടവർ
ദീപം തെളിയിച്ചു
ആദർശ ധീരരായ്
പ്രതിജ്ഞ ചൊല്ലി!
'നോക്കില്ലൊരിക്കലു-
മന്യായക്കൺകളാൽ
സ്ത്രീയെന്ന പുണ്യമാം
മാടപ്പിറാക്കളെ!'
മാണിക്യച്ചെപ്പിലെ
പവിഴ മണികളായ്
മാലിന്യമേശാതെ
കാവലാകുന്നിതാ!
കന്യകാദാനത്തി-
*ലങ്കുശമേൽക്കാതൊ-
രച്ഛൻ മനമതും
വാടിത്തളരില്ല!
പെണ്ണിനു വിലപേശും
കല്യാണ വിപണിയിൽ
കേവലം വിരളമാം
നീതി തന്നുണ്മകൾ!
വീഴില്ലൊരിക്കലും
സ്ത്രീധനപ്പിശാചിൻ
വാഗ്ദാന സീമയി-
ലീ യുവസോദരർ!
മകളായ് പിറന്നവ-
ളനിയനു ചേച്ചിയായ്,
പത്നിയാ,യമ്മയായ്,
അമ്മൂമ്മയായിതാ!
അതിരില്ലാ കർമത്തിൽ
ചുടു ചോര നീരാക്കി
ത്യാഗത്തിൻ മൂർത്തിയാ-
യവളാകും ദേവത!
സോദര സ്നേഹമാം
പനിനീർ കുടഞ്ഞിടാം
സ്ത്രീ, ധനലക്ഷ്മിയായ്
പരിലസിക്കാൻ!