തനിയെ മുളച്ചു പൊങ്ങും ചിന്തകൾ ഇന്നെന്റെ
അകതാരിൽ പടർത്തിയ വേരുകളെ
പിഴുതു കളഞ്ഞിട്ടും, ചവിട്ടി മെതിച്ചിട്ടും
ഉണങ്ങിയമരാതെ കിളിർത്തു വന്നു.
നീരറ്റ മണ്ണുപോൽ വരണ്ടൊരെൻ ഉള്ളം
പൂത്തു തളിർക്കാനായ് തേടിയാതോ
ഉപ്പിൻ ചവർപ്പുള്ള കണ്ണീർ ചാലുകൾ!
മായ്ക്കാൻ തിടുക്കം കൂട്ടിയ ചിന്തകൾ ഇന്നെന്റെ
നിലനിൽപ്പിൻ തിരിച്ചറിവിൻ കരുത്തായി.
മാറ്റപെടാത്തയാ രൂഢ വിശ്വാസങ്ങളെ
തകർത്തെറിയാനുള്ള കെൽപ്പേകിയും,
ഉരുകിയെരിയാതെ ജ്വലിച്ചുണർന്നും
ഉയിർത്തെഴുന്നേൽപ്പിച്ചതെൻ പാഴ് ചിന്തകളാ!
തനിയെ ഉയരുന്ന ചിന്തകളേറെയും
മൂല്യമില്ലാത്തതെന്നോതി കളഞ്ഞാലും
തേച്ചുമിനുക്കി രൂപപ്പെടുത്തിയ മുത്തുപോൽ
അമൂല്യമായ് വിളങ്ങീടും പതിയെ
ആർജ്ജവമേകിടും തനിയെ!