മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അതിലോലമായെന്റെ കൈകളെ തഴുകാൻ വീണ്ടും
മഴയെന്റെ മുറ്റത്തിറങ്ങി വന്നു.
സന്ധ്യക്കഴകായി ചിന്തയ്ക്ക് കുളിരായി,
ഒരു തുള്ളി മൃദുവായി നെറ്റിമേൽ തട്ടിത്തെറിച്ചുപോയി
അത്രമേലാർദ്രമായ് പെയ്തിറങ്ങുന്നവൾ.

ആ മഴത്തുള്ളികൾക്കാദ്യാനുരാഗത്തിൻ
കുളിരെന്നു ഞാൻ തെല്ലൊന്നു കൊഞ്ചിക്കളിയാക്കി മൃദുലമായ് തൊട്ടു പറഞ്ഞു.
ഇനിവരും സന്ധ്യകളിലവളോടു മിണ്ടാനും
അവളുടെ പ്രണയരാജ്യത്തിലെ രാജകുമാരന്റെ
കഥകേട്ടു കോരിത്തരിക്കാനും കാത്തിരിപ്പായി ഞാൻ

രാവിന്നിരുട്ടിൽ ഞാൻ മയങ്ങുമ്പൊളാവാം
പിന്നെയുമവൾ വന്ന് പെയ്തൊഴിഞ്ഞു ജനാല തന്നരികിൽ ഞാനുണർന്നിരുന്നു രാത്രി മഴതൻ പ്രണയസല്ലാപങ്ങൾ കള്ളനെപ്പോലിന്നൊളിച്ചു കേൾക്കാൻ.
എന്റെ ജനാലതന്നരികെയന്നവളുടെ കാതരസ്വരമൊന്നും കേട്ടതില്ല..
ചിതറിത്തെറിച്ചന്ന് മണ്ണിലടിഞ്ഞത് വിരഹത്തിൻ തുള്ളികളായിരുന്നു..

ഓരോ സന്ധ്യയും കാത്തിരുന്നൂ ഞാൻ
വീണ്ടുമാ നനുത്ത മഴസ്പർശമേൽക്കാൻ
വീണ്ടും മനസ്സിനെ കുളിരണിയിക്കാൻ
പിന്നൊരു സന്ധ്യയും പെയ്തു പോയില്ല.

രാത്രിയിലിരുട്ടിൽ പറയാതെ അറിയാതെ
പ്രിയതോഴനെയോർത്ത് കരയുവാൻ മാത്രം
വരുമവൾ
വരും ജന്മത്തിലേക്കുള്ള യാത്രയായ്
അവനുറങ്ങും മണ്ണിൽ പൊട്ടിച്ചിതറുവാൻ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ