(പൈലി.0.F)
അഷ്ടിക്കു വകയില്ല നാട്ടിലെങ്ങും,
നാട്ടിൽ നിരോധനം നടമാടിടുന്നു.
കോവിഡ് നാട്ടിൽ വിലസിടുന്നു,
നാടാകെ ശോകം വിതച്ചിടുന്നു.
നാരായണേട്ടൻ്റെ ചായക്കട,
നാളേറെയായി തുറക്കുന്നില്ല.
കാട്ടിലെ കാര്യം പറഞ്ഞിടേണ്ട,
കാട്ടുകള്ളൻമാർ ഒളിഞ്ഞിരിപ്പൂ.
കപ്പകൃഷി നീളെ വെള്ളത്തിലായ്,
നെൽക്കതിർ ചെളിയിൽ ചീഞ്ഞിടുന്നു.
രാഷ്ട്രീയകക്ഷികൾ പോരിനായി,
കാരണം തേടിയലഞ്ഞിടുന്നു.
മണ്ണിൽപ്പണിയാൻ കഴിയുന്നില്ല,
മണ്ണിനുമുകളിൽ വെള്ളമല്ലേ.
മാട്ടും മാരണോമേൽക്കുന്നില്ല,
തന്ത്രവും മന്ത്രോം പിഴച്ചിടുന്നു.
പട്ടികൾ കൂട്ടമായ് മോങ്ങിടുന്നു,
പട്ടിണികൊണ്ടു മയങ്ങിടുന്നു.
കാശിനുവേണ്ടി കഴുത്തറക്കാൻ,
കാലമാടൻമാർ നിരന്നിടുന്നു.
കാലികൾ കഷ്ടത്തിലായിടുന്നു,
നേരംപുലരെ കരഞ്ഞിടുന്നു.
കാടിവെള്ളത്തിനും ക്ഷാമമായി,
വയ്ക്കോലുമില്ല പുല്ലുമില്ല
അത്താഴംതന്നെ പൊട്ടുംപൊടിം,
എന്നിട്ടാ കോപ്പിലെ വെള്ളച്ചോറ്.