(Shaila Babu)
നനവുള്ള നിനവിന്റെ
പീലിത്തഴുകലിൽ
നിദ്രാവിഹീനയായ്
അമ്മയിന്നും...
നിണമിറ്റു വീഴ്ന്നൊരാ
പിഞ്ചിളം മേനിയോ,
നിശ്ചലമായേതോ
ചുമരിനുള്ളിൽ!
കണ്ണീരിനുപ്പിട്ടു
വറ്റിച്ചെടുത്തതാം
അമ്മ തൻ ഗദ്ഗദ-
മാരു കേൾപ്പാൻ!
രുദ്രതാളങ്ങൾ ത-
ന്നുള്ളിലമർന്നിടും
ഗർഭാശയത്തിൻ
വിതുമ്പലുകൾ!
അഗ്നി നാളങ്ങളാ-
മാധിക്കനലുകൾ
അണയാതെയിന്നും
കരളിനുള്ളിൽ!
കാമാർത്തിക്കണ്ണുള്ള
ചെന്നായക്കൂട്ടങ്ങൾ,
ചെമ്പകമൊട്ടിൻ
വിധിയെഴുതി!
മോഹച്ചതുപ്പിലെ
മൺതരിയായവൾ,
ചേതനയറ്റു
നിലംപതിച്ചു!
കതിരൊളി തൂകിടാൻ
കതിരോൻ മറന്നുപോയ്;
തെന്നലിന്നലകളും
വീശിയില്ലാ!
കസവിൻ ഞൊറിയുള്ള
പട്ടുപാവാടയിൽ
കുഞ്ഞിച്ചിറകറ്റു
വീണു പാവം!
ഇടനെഞ്ചിലാഴ്ന്നൊരാ
നൊമ്പരച്ചീളിനാൽ
ഇടമുറിയാതമ്മ
തേങ്ങിടുന്നു!
മാലാഖക്കുഞ്ഞിനെ
ചുട്ടു തിന്നീടുന്ന
മദചിത്ത, മന്ധരാം
കാപാലികർ!
മണൽത്തരി പോലും
മരവിച്ചു പോകുന്നീ,
മലയാള നാടിൻ
വികടതയിൽ!