(Sathy P)
കാലം കൊളുത്തിവച്ച വെൺചെരാത്,
കർമ്മത്തിൻ നന്മനിറയുന്ന തിരിനാളം!
കലിയുഗപ്പിറവിയിലണഞ്ഞുപോയി;
കരിന്തിരിവെട്ടവും മാഞ്ഞുപോയി!
താനേ തീർത്തോരിരുളിൻ കൂടാരത്തിൽ
താനറിയാതെ നാം വ്യഥയിലമരുന്നു...
തനിക്കിന്നന്യമായ നക്ഷത്രത്തൂവെളിച്ചം
തനിയെ, തിരയുന്നു ഇരുളിലേകനായി!
പോയ കാലത്തിന്റെ സുന്ദരസ്‌മരണയിൽ
പൊയ്പ്പോയ സുകൃതത്തിന്നുറവ തേടുന്നു!
പാതിമയക്കത്തിൽ പാഴ്ക്കിനാവെന്നപോലെ,
പാഥേയമില്ലാത്ത പഥികനേപ്പോലെയും!
ഉണ്മകൾ വെടിഞ്ഞു നാമുലകം ചുറ്റുന്നു
ഉത്തുംഗശൃംഗമേറാനപരനെ ചതിക്കുന്നു
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ തന്മുനകൾ
ഉലയൂതി ജ്വലിപ്പിച്ചു മൂർച്ച കൂട്ടീടുന്നു!
കാലചക്രമിന്നുരുളുന്ന വീഥികളിൽ
കാത്തുനിൽക്കുമോ നമുക്കായ് തൂകീടുന്ന,
കല്മഷമോലാത്ത സത്യത്തിൻ പൊൻനാളം
കരുതിയിരിക്കാം നമുക്കുദിക്കും സൂര്യനായി!