മെക്സിക്കോയുടെ ഇന്ത്യൻസ്ഥാനപതിയും സാഹിത്യകാരനുമായിരുന്ന 'ഒക്ടാവിയോ പാസി'ന്റെ The Blue Bouquet എന്ന കഥയുട കാവ്യാവിഷ്കാരം.
മോഹനമെത്രയും ഗ്രാമാന്തരത്തിലെ
കറയറ്റ ശാലീന സൗന്ദര്യ ദീപ്തികൾ!
കോശാന്തരത്തിലെ ആന്ദോളനങ്ങളെ
ചിലമ്പണിയിക്കുന്ന നീലനിശീഥിനി!
*മദഗന്ധമൊഴുകിപ്പരക്കുന്ന കാറ്റും
ഇലമർമരങ്ങളും ശലഭസംഗീതവും
ജീവന്റെ ഉന്മത്ത ഭാവചലനങ്ങളെ
പുളകത്തിൽ മൂടുന്ന ഗ്രീഷ്മ ഭാവം!
അല്പമുലാത്തട്ടെ, അല്പം ലയിക്കട്ടെ
സ്വച്ഛമീ രാവിന്റെ ശീതളഛായയിൽ!
ഉഷ്ണം ചുരത്തുമീ ഹോട്ടൽ മുറിവിട്ടു
ശൂന്യമാം പാതയിലല്പമുലാത്തട്ടെ!
പട്ടണത്തെരുവിലൂ-
ടന്നുഞാൻ നടക്കുമ്പോൾ,
മങ്ങിയ നിഴൽപ്പാടിൽ
മറ്റൊരു നിഴൽ വീണു!
പിന്നിലായാരോവന്നു
നില്ക്കുന്നെന്നറിഞ്ഞു ഞാൻ
ഭീതിയാൽത്തിരിഞ്ഞൊന്നു
നോക്കുവാൻ ശ്രമിക്കുമ്പോൾ;
ചെവിതൻ പുറകിലായ്
നിന്നതാ ചിരിക്കുന്നു,
വായ്ത്തലത്തിളക്കത്താൽ
രക്തദാഹിയാം കത്തി!
നിർദയം ബലിഷ്ഠനാം
ഭീകരനുരചെയ്വൂ
"ഓടരുതനങ്ങാതെ
നില്ക്ക നീയരക്ഷണം!
നിന്റയാ നീലക്കണ്ണു
ചൂഴ്ന്നു ഞാനെടുക്കട്ട!
കാമുകിക്കേകാനൊരു
ചെണ്ടുഞാനൊരുക്കട്ടെ!"
(യാത്രക്കാരൻ:)
"കൊല്ലരുതെന്നെ സഖേ,
എന്തു നീ തിരക്കുന്നു?
പണമോ, ദ്രവ്യങ്ങളോ
എന്തുനീ തേടുന്നിപ്പോൾ?"
(കാമുകൻ)
"കൊല്ലുവാനല്ല, നീല-
ക്കണ്ണുകളടർത്തുവാൻ,
കാമുകിക്കൊരു നീല
ച്ചെണ്ടിനെ സമ്മാനിക്കാൻ!"
(യാത്രക്കാരൻ)
"കഷ്ടമേ, എൻ കണ്ണുകൾ
നീലയല്ലല്ലോ സഖേ
തവിട്ടാണവ രണ്ടും
എന്നെ നീ, വിട്ടേക്കുക."
(കാമുകൻ)
"വേണ്ടെടോ, പറ്റിക്കേണ്ട
നീലതാനക്കണ്ണുകൾ
ചൂഴ്ന്നെടുക്കേണം രണ്ടും
ബൊക്കയൊന്നുണ്ടാക്കണം!"
(യാത്രക്കാരൻ)
"വിശ്വസിക്കെന്നെ സഖേ
ശുദ്ധനാം ക്രിസ്ത്യാനി ഞാൻ!
നുണയാൽ ചതിച്ചിട്ടു
നേട്ടമെന്തെനിക്കിപ്പോൾ?"
(കാമുകൻ)
"നിർത്തുനിൻ പ്രഭാഷണം
തീപ്പെട്ടിയുരച്ചു ഞാൻ
കണ്ണിന്റെ നിറം നീല
തന്നെയെന്നുറയ്ക്കട്ടെ!"
തീപ്പെട്ടിയുരയ്ക്കുന്നു...
തീനാളം പുരികത്തിൻ
നേരെവന്നടുക്കുന്നു,
കണ്ണുകളടയുന്നു!
കൺപോള വിടർത്തിയാ
കശ്മലൻ തിരയുന്നു
കണ്ണിലെ നീലഛവി
ചൂഴ്ന്നെടുപ്പതിൻ മുന്നേ!
(കാമുകൻ)
"സത്യമാണാക്കണ്ണുകൾ
നീലയല്ലുറപ്പായി,
ക്ഷമിക്കൂ, ഇരുട്ടിൽ ഞാൻ
തെറ്റായിദ്ധരിച്ചെങ്കിൽ!"
ഇരുളിൻ തിരശ്ശീല-
യ്ക്കുള്ളിലേക്കവൻ വേഗം
പോയ്മറഞ്ഞീടുന്നൊരു
ഭീകരസ്വപ്നം പോലെ!
വേഗമാ മെക്സിക്കോവിൻ
സീമകൾ താണ്ടിപ്പോകാൻ
നിശ്ചയിച്ചുറച്ചു ഞാൻ
അല്പമൊന്നുറങ്ങിപ്പോയ്!
(കവി)
കാമുകിക്കൊരു നല്ല
നീലക്കൺ ബൊക്കെക്കായി
രാവിലൂടലയുന്ന
കാമുക ഹൃദന്തമേ,
എന്തു ഞാൻ വിളിക്കേണ്ടു
ബുദ്ധി ശൂന്യതയെന്നൊ,
നിന്നിലെ സങ്കല്പങ്ങൾ
നിഷ്ക്കളങ്കതയെന്നോ?
സത്യമായ് വരില്ലെന്നോ
ഉള്ളിലെ സങ്കല്പങ്ങൾ
വളരെ സങ്കീർണമോ
ജീവിതപ്പൊരുളുകൾ?
(* ഉണങ്ങിയ പുളിയിലകളുടെ മാദക ഗന്ധം)