പ്രകാശം ഊതിക്കെടുത്തുന്ന, കാറ്റിന്റെ വെളിച്ചം
പേടിയുടെ സ്വപ്നങ്ങൾ വിതയ്ക്കുന്നു
പടച്ചട്ടകൾ ഊരിയിട്ട കൂരിരുട്ട്
വെളിച്ചത്തിന്റ മുറിയിൽ മുഖം മിനുക്കുന്നു.
എത്ര മിനുക്കിയാലും യുദ്ധം വെളുക്കില്ല
ചോരക്കറുപ്പ് മനസ്സകങ്ങളിൽ ചുവന്നു കിടക്കും
അറ്റുപോയ തലകൾ ഒരിറ്റു ചിന്ത പൊടിക്കും
തെരുവിലെ ചോര ഹൃദയങ്ങളിലേക്ക്
ഒഴുകിയിറങ്ങും
അവസാനിക്കാത്ത രാത്രികൾ വിലാപങ്ങളെ പ്രസവിക്കും
അവ മരുഭൂമികളിലലഞ്ഞ് നീരുറവകള കണ്ടെത്തും.!
കാറ്റ് മിണ്ടാതെയാകുന്ന കാലം വരും
സൂര്യൻ ചിരിക്കാത്ത നേരവും !
പിന്നെയെന്നെങ്കിലും ചിരിക്കുന്ന സ്വാന്തനക്കാറ്റ്
വിളഞ്ഞ പാടങ്ങളിൽ, കതിരുകളോട് കിന്നാരം പറഞ്ഞ് മൂളിപ്പാടും !
ഹൃദയങ്ങളിൽനിന്നും ഒരു പൂക്കാലം
തൊടികളിലേക്ക് നടന്നിറങ്ങും!
ഇരുളുപരക്കാത്ത, സ്വപ്നം തളിർക്കുന്ന കാലം !