തോരാതെ പെയ്യുന്നുവിന്നെൻ നാസിക,
ചേലൊത്ത താളത്തിൽ തുമ്മലും ചുമയും.
ഈറനാം വസനം പിഴിയും കണക്കെ,
മൂക്കിൻ നനവു ഞാൻ മാറ്റി,യിടവിട്ട്.
മസ്തിഷ്കപ്പാതയിൽ തീവണ്ടിയൊ-
ന്നശാന്തനായ് പായും ചലനവുമറിഞ്ഞു.
മേനിതൻ ചൂടിൽ വ്യതിയാനങ്ങൾ,
കാശ്മീരും രാജസ്ഥാനും കണ്ടു ഞാൻ!
കണ്ഠത്തിലാരോ കൈകൊണ്ടമർത്തി,
ശബ്ദവും പകുതിയായ് കുറഞ്ഞുവല്ലോ!
ശിരസ്സിൻ ഭാരം കൂടിയൊരല്പം,
ഭാവഭേദത്താലല്ലെന്നറിഞ്ഞാലും.