മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

Woman

oorali

നെഞ്ചുടയും നൊമ്പരത്താൽ കണ്ണെരിയും കദനത്താൽ
വിണ്ടുകീറും വ്യസനത്താൽ പെണ്ണവൾ നില്പൂ,
നാണക്കേടാൽ നമ്രയായും കൂന്തലാൽ മുഖം മറച്ചും 
അഴിഞ്ഞുവീഴാൻ വിതുമ്പും ചേല പിടിച്ചും.
കൈയിലില്ല ഭൂഷണങ്ങൾ കാതിലും കാലിലുമില്ല,            മുന്നിലില്ല ഭാവിലേശം, ചിരിയുമില്ല.
ഭൂതകാലം, കണ്ണിനുള്ളിൽ എരിപക്കി പോലുറുത്തി,
ഭവതിയോ ശാപമോക്ഷം ഉറ്റുനോക്കുന്നു. 
മന്ദവാതൻ ചുംബിച്ചപ്പോൾ കൂന്തലല്പം ഞെട്ടിമാറി
ഇന്ദുമുഖി വാരിധരം നീക്കിത്തെളിഞ്ഞു. 
ഈറനുടുത്തമിഴികൾ ഈറ്റുനോവാൽ പിടയ്ക്കുന്നു.
ഈരം വഴിയും വദനം, ശോഭിതമുഖം,
കവുങ്ങിൻ പൂക്കുലയാലേ അഴിച്ച സർപ്പക്കോലംപോൽ
കുലഞ്ഞുലഞ്ഞതു കാണ്മൂ. തുടുത്ത ചുണ്ടോ,
തൊടുത്തശേഷം വിറയ്ക്കും വില്ലിൻ ഞാണുപോലെ കണ്ടു. 
അഞ്ജനമോ അഞ്ചിയല്പം പിണങ്ങി നിന്നു.


ചുറ്റുമേറെയാളെ കാണാം, കൊല്ലാൻ കൈയിൽ കല്ലും കാണാം,
"ചെറ്റ പെണ്ണെ കൊല്ലുകെ",ന്നോർ  ആർപ്പതും കേൾക്കാം.


"അഭിസാരികയാണിവൾ, നിശയുടെ കൂട്ടുകൂടി
അഭിരമിക്കുന്നവർക്കാനന്ദദായിനി,
ചോന്നചുണ്ടിൽ ചായമല്ലേ! ചൂന്നെടുത്ത ചഞ്ചലന്റെ
ചോരയാണേ! ജീവനാണേ! ചുടലപ്രേതം! 
ഇവളോ ദുഷ്ചരിതസ്ത്രീ!  അതിനാലെ കല്ലെറിയാൻ 
ചട്ടമുണ്ടല്ലോ ഗുരുവേ, വിധിപറയൂ." -
ചുറ്റും നിന്നവരിലാരോ ഉരചെയ്തു; വീണുടഞ്ഞ
നീർകണം പോലവരുള്ളിൽ നാദമുടഞ്ഞു.


യുഗാതീതൻ, എരുത്തിലിൽ പിറന്നവൻ, മൃത്യുഞ്ജയൻ, 
യുഗപ്രഭാവൻ, ഗോതമ്പിൻ നിറമുള്ളവൻ,
മെല്ലെയൊന്നു നോക്കി ചുറ്റും കണ്ടു കോപാന്ധജനത്തെ,
കല്ലെറിയാൻ കാത്തുനില്ക്കും കല്സ്വരൂപത്തെ,
ഏങ്ങിയേങ്ങി സ്വന്തം നിഴൽ നോക്കി നില്ക്കും സ്ത്രീയെ. പിന്നെ, 
മൗനമൊട്ടുവിടർന്നതോ തേങ്ങലിൽ വാടി.
കാറ്റുടലിൽ ഉടക്കും പോൽ തേങ്ങൽ കാതിൽ കൊരുക്കുന്നു,
കദനഭാരത്താലവൻ നിലത്തിരുന്നു.
ചൂണ്ടലിൽ കൊരുത്ത ചോദ്യം വിഴുങ്ങാതെ സർവ്വജ്ഞാനി
ചൂണ്ടുവിരലാൽ പൂഴിയിൽ അക്ഷരം നട്ടു.


"പണ്ഡിതരേ കല്ലെറിയാം പണ്ടുകാലം സ്മരിച്ചീടാം 
വീണ്ടുമൊരാഖോർ താഴ്വാരം കല്കളാൽ തീർക്കാം"
പല്ലിറുമ്മി, കേട്ടപാടേ, കോപഫണം ചീറ്റി ചീറ്റി,
കിതപ്പുണർത്തി, ഹൃദയം കല്ലുപോലാക്കി, 
കല്ലെടുക്കാൻ നീതിബീജം കുനിഞ്ഞപ്പോൾ നിവർന്നേശു
കരൾനൊന്തരുളി വചസ്സ്, അക്ഷരനാദം :
"പാപം ചെയ്യാത്തവനാദ്യം എറിയട്ടെ മടിക്കാതെ!
പാപശിക്ഷ നല്കാനേറ്റം ഉത്തമൻ നീയേ "
കൺകൾ മണ്ണിൽ വിരിച്ചീശൻ മണ്ണിൻ ഭാവം ചികഞ്ഞപ്പോൾ
കല്കൾ മണ്ണിൻ മാറിൽ വീഴും നാദം പരന്നു 


മൂത്തവർ മൂത്തവർ ക്രമം അഴിഞ്ഞന്തം അവരജർ
സ്വത്വമാം ഭൂമാറിലശ്മം എറിഞ്ഞകന്നു
ഒളിയിലൊളിക്കും ഇരുൾ, ഓടി മായും വാരിധരം,
വെയിലേറ്റഴിയും ഹിമം, പോലവർ മണ്ടി


ഖിന്നയവൾ കണ്ണുനീരാൽ ആർദ്രമാക്കി ഭൂതലത്തെ
കനിവുള്ളോൻ പൂഴിയവൾക്കാകാശമേകി,
പറന്നുയരാൻ ചിറകും, പുഴയറിയാൻ കുളിരും, 
പൂവിറുക്കാൻ വസന്തവും, ശുദ്ധിക്കഗ്നിയും 


പാപിയാണേൽ വിചാരണക്കൂട്ടിൽ ലോകം കേറ്റിനിർത്തും 
മാധ്യമം ധർമ്മം മറക്കും കോടതിയാകും 
കല്ലെറിയാൻ കാത്തുനില്ക്കും, നഖവിഷ്കിരം പോൽ കീറും 
ഗൃദ്ധ്രവൃത്തിയാവിക്കലം തിളയ്ക്കുമെന്നും.


നിലത്തെഴുതാൻ പഠിക്കാ,മെന്നിലേക്കും നുഴഞ്ഞീടാം
നലം തികഞ്ഞവരാകാം നരരായിടാം. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ