മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Rajendran Thriveni)

ഒരു ദേവശില്പമീ
ശിലാഗർഭ പാളിയിൽ,
ഉറങ്ങിക്കിടക്കുന്ന-                                    
തറിയുമുൾക്കണ്ണിനാൽ;

ഉളിമുന കൂർപ്പിച്ചാഞ്ഞു                    
ശിലാ മർമത്തിലൊരു
കൊത്തു കൊത്തി, ശില
പുളക മുണർന്നുവോ?

സർഗരതിതാളമെൻ
കോശമൃദു ഭിത്തിയിൽ,
ആർത്താഞ്ഞടിക്കുമ്പോൾ
ഞാനെന്നേ മറന്നുവോ? 

ഉളിമുനയിലുണരു
മൊരപാരശക്തി
പ്രഭാവം, ശിലയില്‍
വിരിയിച്ചു ശില്പം! 

മൂർച്ഛിച്ചു ഞാനുറങ്ങി
യുണരുന്ന വേളയിൽ,
കണ്ണിനു സായൂജ്യമാ-
യെന്റെ ശിലാവിഗ്രഹം!

 

ക്രുരതയ്ക്കൊരുമാപ്പു
നൽകുക, ദേവശില്പ
രൂപംധരിച്ഛുറങ്ങുന്ന
ശിലാതല കാളിമേ! 

ചിതറിക്കിടക്കുന്ന-
യമൂർത്ത രൂപങ്ങളിൽ
വിശ്വ ചൈതന്യത്തിന്റെ
നിലക്കാത്ത സ്പന്ദനം! 

ശില്പിതന്നുൾക്കാഴ്ചയി-
ലഗ്നിയായെരിയുമ്പാൾ,
ഉളിലാസ്യ നടന
മുണർത്തും ദേവശില്പം! 

ഈദൃശ്യ പ്രപഞ്ചത്തെ
ഒന്നാകെ സമൂർത്തമാ-
യേതു വിശ്വാസ കരി-
മ്പാറയിൽ കൊത്തിടും? 

ക്ഷമിക്ക ശിലകളേ
കാമവെറിയല്ലിതു;
സർഗമദനോത്സവം,
സൃഷ്ടിതന്നുന്മാദ താളം! 

കൺതുറന്നൊരുനാളു
കാണുമെൻനിഴലുമീ, ശില-
തലപാളിയിൽ, വീണു
മയങ്ങുമൊരു ശില്പമായ്! 

സർഗതാളം തുടിക്കുമീ-
ക്കൈകളുണർത്തിയ
ശില്പത്തിലുണ്ടു, പര
ബ്രഹ്മരൂപലാവണ്യം! 

ഇതുദേവ പ്രസാദം,
എൻ സഹസ്രാരപത്മ
പീയൂഷമണപൊട്ടു
മൊരു മഹാപ്രളയം!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ