(പ്രജ്ഞതൻ)
പ്രജ്ഞതൻ വാതായനങ്ങൾ തുറക്കാതിരിക്കുക,
കച്ചപുതപ്പിച്ചു പണ്ടു നീ മൂടിയ എന്നോർമ്മ വന്നു മുട്ടിവിളിക്കുകിൽ.
വന്നു തൂവാറുണ്ടിന്നും, ഏഴുവർണങ്ങൾ
നിറഞ്ഞാടി നിന്നൊരാ പ്രണയ വസന്ത ശരമാരി
എൻ ജരാനരയ്ക്കുള്ളിലേ വിങ്ങലിൽ.
ജീവിതസന്ധ്യാപുളിനം നനയ്ക്കയാണിന്നും
കണ്ണിലെ നീലക്കയങ്ങളിൽ മുങ്ങി
നീരാടിയ സായന്തനങ്ങളും, ശില്പമനോഹരമാം
നിൻ കഴുത്തിലെ ദേവസംഗീതമൊഴുകുന്ന നീലഞരമ്പിലെ
ഓളങ്ങളെ വിരൽകൊണ്ടു തലോടവേ
നിൻമൃദുമെയ്യിൽ വിടർന്ന പുഷ്പങ്ങളും.
കോരിനിറയ്ക്കുന്നതാരെന്റെ ഓർമയിൽ,
വർണമയൂരങ്ങളാടിയ പ്രണയ ചേഷ്ടകൾ
മായാത്ത മുകരസമാന യമുനാനദീജലം!
പൊള്ളിപ്പഴുത്ത നിൻ ദേഹത്തിൽ അഗ്നിയെ
നുള്ളിക്കെടുത്തിയോരൊർമയും
നിൻ തളിരാമ്പൽ കരങ്ങളിൽ ചൂടിയ
വെയിൽനാളം എൻ ചുണ്ടിൽ പകർന്നതും....
നിന്നിടം കവിളിൽ കരിനീലപ്പുള്ളിയിൽ
ഒരു ചുംമ്പനപ്പൂവറിയാതെ വയ്ക്കവെ,
ഉദയാംമ്പരംപോൽ തുടുത്തൊരാ കുങ്കുമലച്ഛയിൽ
നുള്ളിയ നോവിലെ തേനൊളി
മധുരവും ഓർക്കാതിരിക്കുക.
മനോവേഗപരിഥിക്കുമപ്പുറം, മറവിതൻ
അന്തസമുദ്രാന്തരങ്ങളിൽ
പണ്ടുപങ്കിട്ട സ്വപ്നങ്ങൾതൻ മയിൽപ്പീലി ത്തണ്ടിനെ
നിർദയം നീ ഉപേഷിച്ചുകൊള്ളുക.
ആ മയിൽപ്പീലിതൻ കണ്ണിലെ നീല
ശോകം കണുകിൽ നീ സഹിച്ചീടുമോ?
കാലാന്തരങ്ങൾതൻ തോണിയിൽ
ഒരു നാളിലൊന്നിച്ചുചേരും വരെ ഒക്കെയും
കലടിക്കീഴിൽ ചവിട്ടേറ്റു ചത്തൊരു
കീടത്തേപ്പോലെ വിസ്മരിച്ചീടുക.
കാലം ഒരുക്കി തറച്ച കുരിശിലെൻ ശിരസിൽ,
നാഭിച്ചുഴിയിൽ,ഇടംനെഞ്ചിൽ, കരളിൽ
നഷ്ട പ്രണയ ശരമേറ്റ എന്നെ നീ
കണ്ടാലറിയാവിധം മറന്നീടുക.