ഇഷ്ടമാണത്രേയവള്‍ക്കെന്നോടു ഗാഢമാം
പ്രേമവുമുണ്ടത്രേയത്രയേറെ
നിസ്പന്ദ മാനസചിന്തയാൽ നില്‍ക്കുന്നു
തീവ്ര പ്രണയത്തിന്‍റെ പൂവല്ലികൾ
നിന്നോടെനിക്കേറെയിഷ്ടമുണ്ടെന്നാകിലും
നിസ്വനാണെന്നറിഞ്ഞീടുക നീ
പ്രേമത്തിൻ ചൂടൊക്കെയേറെകഴിയുമ്പോ-
ളാറിത്തണുത്തങ്ങു ചോര്‍ന്നുപോകും
ഇഷ്ടമില്ലാ! നിനക്കെന്നോടുത്തെല്ലുമേ
കഷ്ടമാം ഞാനെന്തു തെറ്റുചെയ്തു
പ്രേമം തിരസ്ക്കരിച്ചീടല്ലേ, നിന്നോടു
അത്രമേൽ സ്നേഹമുണ്ടെന്നറിക
വല്ലായ്കതോന്നരുതോമനെയെന്നോടു-
വന്നാൽ നിനക്കേകുവാനൊന്നുമില്ല
ജീവിതപ്രാരാബ്ധതോണിയിലാകയാൽ
കേവലമിഷ്ടം പ്രണയമില്ല
നിന്നോടെനിക്കുള്ള പ്രേമം വെടിയുവാൻ
നിഷ്കൃപയല്ല ഞാൻ കാത്തിരിക്കാം
നിസ്വാര്‍ത്ഥ പ്രേമത്തിൻപൂമ്പൊടിമാത്രമേ-
നല്‍കേണ്ടു, മറ്റൊന്നും വേണ്ടെനിയ്ക്ക്
പോവുക ഓമലേ മുങ്ങുന്നതോണിയി-
ലെറേണ്ട ഭാവി തുലച്ചീടേണ്ട
ജീവിതക്ലേശത്താൽ നിസ്തേജനാകിടു-
മെന്നെനീയെന്തിനു പുല്‍കീടുന്നു
അക്കരെ പോവുന്നതോണിയിലെന്നെയും
കൊണ്ടങ്ങു പോയിടൂ വേഗമെത്താം
മുങ്ങുകയാണെങ്കിലൊന്നിച്ചു മുങ്ങട്ടെ!
ഞാനുംകയറുന്നുയീത്തോണിയിൽ
കൂടെയുണ്ടായിരുന്നിത്രയും കാലവും
കൂടെയില്ലയവൾ മാഞ്ഞുമണ്ണിൽ നീലവിരിപ്പിന്‍റെമാറിലൊരേകയാം
നക്ഷത്രമായവൾ പുഞ്ചിരിപ്പൂ.
■