(പൈലി.0.F )
മനസ്സുണർന്നുവെൻ മൗനംവെടിഞ്ഞു,
മൺചിരാതുകൾ മിഴിതുറന്നു.
ഹൃദയകവാടം തുറന്നുവച്ചു ഞാനെൻ,
ജീവനാഥനെ സ്വീകരിക്കാൻ.
ചിരകാലദു:ഖം മറന്നിടുന്നു
നിൻ മൃദുസ്വരത്തിനായ് കാത്തിരിപ്പൂ.
മിഴിനീർപൂക്കൾ നിനക്കേകിടുന്നുവെൻ,
ചുടുനിശ്വാസത്തിൻ നീർക്കണങ്ങൾ.
രാത്രികൾതോറും കാത്തിരിക്കുന്നു
നിൻ നിദ്രയെയൊന്നു പുൽകിടാനായ്.
ഒരു തരിവെട്ടമായ് നീ വരുമ്പോഴെൻ ,
ജീവിതംതന്നെ ധന്യമാകും.
വിലാപങ്ങളിൽ ഞാൻതളരുകില്ല,
നിൻ വിജ്ഞാനമെന്നിൽ നിറഞ്ഞിടുമ്പോൾ.
വിധിയുടെ വീഴ്ചകളറിഞ്ഞിടുന്നു
നിൻ വിവേകമെന്നിൽ നിറച്ചീടണേ.
ഒരുമാത്ര നിന്നിലലിഞ്ഞു ചേരാൻ,
ഒരുങ്ങിടുന്നുവെന്നന്തരംഗം.