(T V Sreedevi )
ഞാനുമൊരിക്കലൊരു വർണ്ണപ്പട്ടമായ്
വാനിലേയ്ക്കെത്താൻ കുതിച്ചുയർന്നീടവേ,
കേവലം നൂലിനാൽ ബന്ധിച്ചു നിർത്തി നീ
ഒന്നുമറിയാതെ പാറിപ്പറന്നു ഞാൻ.
നിന്റെ ഇച്ഛയ്ക്കൊത്തു ആടുവാൻ പാടുവാൻ
കേവലം കൗതുക വസ്തുവായ് മാറ്റി നീ
നൂലൊന്നയച്ചാൽ പറന്നുയരുമ്പോൾ നീ
വേഗത്തിലെന്നെ വലിച്ചു താഴത്തിടും.
കാറ്റിൻ ഗതിയിൽ പറക്കുവാനാകാതെ
ശ്വാസവും കിട്ടാതെയാടിയുലയവേ,
നോക്കി നിൽക്കുന്നിതാ ഉൾക്കനിവില്ലാതെ
വാച്ച കുതൂഹലാലാർത്തു ചിരിച്ചു നീ.
പിന്നെ നിൻ ബന്ധനം വിട്ടു ഞാൻ മാനത്ത്
ആവോളമുല്ലസിച്ചാടിക്കളിക്കവേ-
ഏതോ കുരുക്കിലകപ്പെട്ടു പോയി ഞാൻ
പാറുവാനാകാതെ പൊട്ടിക്കരഞ്ഞു പോയ്.
സൂര്യൻ വമിക്കും കൊടും ചൂടുമേറ്റു ഞാൻ
തൂമഞ്ഞു തുള്ളിതൻ ശീതള സ്പർശവും,
ആർത്തലച്ചെത്തും മഴയും നനഞ്ഞു ഞാൻ
ആർത്തു വിളിച്ചു കൊതിച്ചു നിൻ സാന്ത്വനം.
ഇപ്പോഴറിയുന്നു നീയെന്നെ ബന്ധിച്ച,
ഇത്തിരി നൂലിൻ ബലപ്രഭാവത്തെ ഞാൻ.
ഇങ്ങുവന്നെന്റെ കുരുക്കൊന്നഴിച്ചു നീ
എന്നെ നിൻ നൂലിനാൽ ബന്ധിച്ചു പോകുമോ?