എനിക്കൊരു യാത്ര പോകണം
കടലിനടിയിലെ 'ടൈറ്റാനിക്കി'ലേക്ക്!
മനുഷ്യനിർമിതമായ
മഹാ ദുരന്തത്തിന്റെ ബലികുടീരത്തിലേക്ക്, പ്രേതാത്മാക്കളുടെ. കളിയരങ്ങിലേക്ക്!
കടൽ എന്നെ വിഴുങ്ങില്ല
കാരണം എന്റെ മടിശ്ശീലയ്ക്ക് കനമില്ല.
എന്റെ കവിതകൾക്ക് കാമ്പില്ല!
എങ്കിലും യാത്ര തുടങ്ങുന്നതിനു മുമ്പ്
ഒരു കവിതയെഴുതണം
നാളെ ഞായറാഴ്ച പോസ്റ്റ് ചെയ്യാൻ!
പകലിരുന്ന് എഴുതാൻ തുടങ്ങുമ്പോൾ,
അയലത്തുകാരന്റെ വീടു പണിക്കു വന്ന
മണ്ണുമാന്തിയുടെ കടകടയും ഇരമ്പൽ
സ്വൈര്യം തരുന്നില്ല!
രാത്രിയിലിരുന്ന് എഴുതാമെന്നു കരുതി,
പക്ഷേ,
ഉറങ്ങാത്ത ചീവീടുകൾ
വംശ നിലനില്പിനു വേണ്ടി
മൃത്യുഞ്ജയ മന്ത്രം ഉറക്കെ ജപിച്ച്
വീണ്ടും സ്വൈര്യം കെടുത്തുന്നു!
മലവെള്ളപ്പാച്ചിലും
കടൽക്ഷോഭവും
സംഹാരനൃത്തം നടത്തുമ്പോൾ,
എനിക്ക് കവിതയെഴുതാനാവില്ല...
എഴുതിയാലും തീരുമെന്ന് തോന്നുന്നില്ല!
തീർന്നിട്ടു കാര്യവുമില്ല,
അതിൽ അക്ഷരത്തെറ്റുകളായിരിക്കും.
എന്റെ അക്ഷരത്തെറ്റിന്റെ ഭാണ്ഡങ്ങളെ
ടൈറ്റാനിക്കിന്റെ
ഉരുക്കറയിലൊളിപ്പിച്ച്
മുങ്ങിപ്പൊങ്ങണം!
ഞാൻ തിരിച്ചെത്തുമ്പോഴേക്കും
ലിപികൾ മാറിയിട്ടുണ്ടാവും!
വീണ്ടും ആദ്യം മുതൽ തുടങ്ങണം!ഒരുപക്ഷേ,. അക്ഷരമറിയാത്തവനും
പറഞ്ഞാലെഴുതിക്കൊടുക്കുന്ന
ആപ്പുകൾ പിറവിയെടുത്തിട്ടുണ്ടാവും!
അപ്പോഴെന്റെ
ഉച്ചാരണം തെറ്റായിരിക്കും
പുതിയ വാക്കുകൾ
ഉരുത്തിരിഞ്ഞിരിക്കും!
ഗൂഗിളിനോട് ശബ്ദതാരാവലി നോക്കാൻ
പറഞ്ഞിട്ടു കാര്യമില്ലല്ലോ,
പറഞ്ഞാലും ഗുഗിൾ കേൾക്കില്ലല്ലോ!
വീണ്ടും അക്ഷരങ്ങൾക്കൂ പകരം
സ്മൈലികൾ കളം പിടിച്ചേക്കും!
എനിക്ക് തലചുറ്റുന്നു
മതി, കവിത എഴുതേണ്ട!
ടൈറ്റാനിക്കിന്റെ ഉരുക്കുമുറിയിൽ
കയറി കതകടയ്ക്കാം...
പ്രേതങ്ങൽക്ക് കവിത പാടിക്കൊടുക്കാം!