നീലവിണ്ണിലേയ്ക്കൊന്ന്
പറന്നുയരാന്‍, മന്ദാനിലനില്‍
മേഘരാജികള്‍ക്കൊത്തൊന്നൊഴുകാന്‍
മാമരങ്ങളുടെ ചില്ലകളില്‍
ചാഞ്ചാടാന്‍ മനസ്സില്‍
ചെറുതാമൊരു സ്വപ്നമുണ്ടിപ്പോഴും
കുട്ടിലാരോ എന്നോ
അടച്ചോരെന്‍ മോഹം
ഒരിയ്ക്കലെന്‍ മനസ്സില്‍
നയനങ്ങളില്‍ മനസ്സില്‍
തിരതല്ലിയ സ്വന്തം
ജീവിതസ്വാതന്ത്ര്യത്തിന്‍ ആഹ്ളാദം
ഇന്നെനിയ്ക്കാേരോ നിഷ്ക്കരുണം
തല്ലിക്കെടുത്തിയ സന്താപം
അസ്വാതന്ത്ര്യത്തിന്‍ കരാളദുഃസ്വപ്നം
എങ്കിലുമീയിരുമ്പഴിക്കൂട്ടില്‍
മഴവില്ലൊത്തു ഞാന്‍ വിടര്‍ത്തട്ടെ
ഒരിയ്ക്കല്‍ സുന്ദരമായിരുന്നെന്‍
തളര്‍ന്ന,ചിറകുകള്‍
പഞ്ചവര്‍ണ്ണതത്തയായ്
സുന്ദരസ്വനഗീതം പാടി പാറി
നടന്നയെന്‍ കണ്ഠമിന്നിടറുന്നു.
എങ്കിലും ഈ ചെറു കൂട്ടിലിരുന്ന്
ഞാന്‍ പാടട്ടെ
മാനത്തിന്‍ ചക്രവാള സീമവരെ
അലയടിയ്ക്കട്ടെ
സന്താപത്തില്‍ നിരാശയില്‍
മുങ്ങിയ എന്‍ പ്രതിഷേധഗാനം
സ്വാതന്ത്ര്യത്തിന്‍ സുന്ദര
പ്രകാശമീ ,അനീതി തന്‍
അന്ധകാരത്തെയകറ്റട്ടെ