അറിയുന്നനുദിനമെൻ ജീവധാരയി-
ലദൃശ്യനാം നിന്നുടെ കരുതലിൻ പീലികൾ!
മുറിവേറ്റുപിടയുമെന്നുൾപ്പൂവിൻ നൊമ്പര-
മൊപ്പിയെടുത്തു നിന്നംഗുലിത്തുമ്പിനാൽ-
ഏതോ ഒരജ്ഞാതക്കുളിരിലെൻ മേനിയും
താവക നിനവിനാൽ കോരിത്തരിക്കവേ,
നിൻ കാന്തവലയത്തിനുള്ളിലൊതുങ്ങി,
ആ നീലമിഴികളിലെന്നെ തിരഞ്ഞു ഞാൻ!
ചിന്നിച്ചിതറിയ ചില്ലുകൂമ്പാരത്തിൻ
മണികിലുക്കങ്ങളായ് മാനസഭാവങ്ങൾ!
മിഴിനീരിലൊലിച്ചൊരെന്നാശാമയൂഖങ്ങൾ,
നൊമ്പരവർഷമായ് പെയ്തിറങ്ങി!
മഴവില്ലിന്നഴകാർന്ന പരിമൃദുസീമയി-
ലനിതരസായൂജ്യ പരിവേഷമാലകൾ!
തൊടുവിരൽത്തുമ്പിനാലെൻ മോഹ മകരന്ദ-
മൊരുമാത്ര നെറുകയിലണിയാൻ കൊതിക്കവേ,
തെളിനീരൊഴുക്കുപോലജ്ഞാത സുരഭില
ശക്തിയായലിഞ്ഞു നീയെന്നാത്മവനികയിൽ!