ഭ്രമാത്മകമായ ഒരു കാല്പന്തുകളി.
ഇടറാതെയും തളരാതെയും
ആക്രമണവും പ്രതിരോധവും ഇടകലർത്തി
കരുതലോടെയുള്ള നീക്കങ്ങൾ.
അസാമാന്യ പന്തടക്കവും
അളന്നു മുറിച്ച പാസ്സുകളും.
സാംബാ താളവും ടിക്കിടാക്കയും തീർത്ത
മാസ്മരികതയിൽ
ഗാലറിയിലലയടിച്ച
മെക്സിക്കൻ തിരമാലകൾ.
കളിക്കളം അടക്കിവാണ ആദ്യ പകുതി.
പിന്നീടെപ്പോഴോ കാലിടറി.
ലക്ഷ്യം കാണാത്ത ഷോട്ടുകൾ.
പുറത്തേക്കടിച്ചു കളഞ്ഞ പെനാൽറ്റി കിക്ക്.
പിന്നെയൊരു സെൽഫ് ഗോളിൻ്റെ പാപഭാരവും.
ഒടുവിൽ
രണ്ടാം പകുതിയുടെ അവസാന നിമിഷത്തിൽ
ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക്.
കൂവലും കല്ലേറുമേറ്റ്
തല കുനിച്ച് മടക്കം.
ശേഷം
അനിവാര്യമായ അവസാന വിസിൽ!