ഭൂമിശാസ്ത്രത്തിൽ രണ്ടു
സംശയങ്ങളെത്തീർക്കാൻ,
പത്തിലെ പഠിതാക്കൾ
ഇന്നലെയണഞ്ഞപ്പോൾ;
ഉത്തരത്തിലേക്കെത്താൻ
ചോദ്യങ്ങളൊട്ടേറെ ഞാൻ
ശരമായ് തൊടുക്കുമ്പോൾ
മൗനമാർന്നിരുന്നവർ!
വാസ്തവം പറയട്ടെ,
നെൽപ്പാടം കണ്ടോരില്ല!
നാട്ടിലെ കമ്മ്യൂണിസ്റ്റ്
പച്ചയും കണ്ടിട്ടില്ല!
കടലേതെന്നറിയില്ല
പർവതം കണ്ടിട്ടില്ല!
കായലും കണ്ടിട്ടില്ല
കപ്പലും കണ്ടോരില്ല!
(കണ്ടതോ മൊബൈൽ ഫോണും
ടീവിയും കമ്പ്യൂട്ടറും!)
കൂട്ടിലെ കിളികളായ്
മാറുമീക്കുരുന്നുകൾ
നാളെയെങ്ങനെ നാടിൻ
ശിലപികളായിത്തീരും?
ലോകത്തെ ചെറുസ്ക്രീനിൽ
മിഥ്യയായ് തളച്ചിട്ട
ദുർഗതിയാണോ നാളെ
നമ്മൾതൻ മുന്നേറ്റങ്ങൾ?